ലണ്ടന്‍:ആഷസ് (Ashes) പരമ്പരയിലെ രണ്ടാം മത്സരം അവസാനിച്ചിട്ടും ക്രിക്കറ്റ് ലോകത്ത് സജീവ ചര്‍ച്ചയായി ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോണി ബെയര്‍സ്റ്റോയുടെ (Jonny Bairstow) പുറത്താകല്‍. മത്സരത്തിന്‍റെ അവസാന ദിവസമായിരുന്നു 22 പന്തില്‍ 10 റണ്‍സ് നേടിയ ബെയര്‍സ്റ്റോയ്‌ക്ക് വിക്കറ്റ് നഷ്‌ടമായത്. കാമറൂണ്‍ ഗ്രീന്‍ എറിഞ്ഞ ഓവറില്‍ ഓസീസ് വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരി താരത്തെ സ്റ്റമ്പ് ചെയ്യുകയായിരുന്നു.
മത്സരത്തിന്‍റെ 52-ാം ഓവറിലാണ് നാടകീയ സംഭവങ്ങള്‍ ലോര്‍ഡ്‌സ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ അരങ്ങേറിയത്. കാമറൂണ്‍ ഗ്രീന്‍ എറിഞ്ഞ ഓവറിലെ അവസാന പന്ത് ബെയര്‍സ്റ്റോ ലീവ് ചെയ്‌തു. പന്ത് നേരെ വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരിയിലേക്ക്.
ഗ്രീനിന്‍റെ ഷോര്‍ട്ട് ബോള്‍ ദേഹത്ത് തട്ടാതിരിക്കാന്‍ ലീവ് ചെയ്‌ത ബെയര്‍സ്റ്റോ പന്ത് പിന്നിലേക്ക് പോയതോടെ ക്രീസുവിട്ട് ഇറങ്ങി. ഇതിന് പിന്നാലെ, ഓസീസ് വിക്കറ്റ് കീപ്പര്‍ പന്ത് നേരെ സ്റ്റമ്പിലേക്കും എറിഞ്ഞു.
പിന്നാലെ വിക്കറ്റിന് വേണ്ടി ഓസീസ് താരങ്ങള്‍ അപ്പീല്‍ നല്‍കി. തുടര്‍ന്ന് ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം തേര്‍ഡ് അമ്പയര്‍ അത് വിക്കറ്റാണെന്ന് അറിയിക്കുകയായിരുന്നു. അതേസമയം, ഈ സംഭവത്തില്‍ ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പറെ എതിര്‍ത്തും നിരവധി പേര്‍ രംഗത്തെത്തി.
Also Read :Ashes 2023 | 'ഇത് തമാശയല്ല...' ലോര്‍ഡ്‌സിലെ തകര്‍പ്പന്‍ സെഞ്ച്വറി; തോല്‍വിയിലും സ്റ്റോക്‌സിന് പ്രശംസയുമായി വിരാട് കോലി
മത്സരത്തിന് പിന്നാലെ, ജോണി ബെയര്‍സ്റ്റോയുടെ പുറത്താകലില്‍ പ്രതികരണവുമായി ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് രംഗത്തെത്തിയിരുന്നു. തന്‍റെ ക്യാച്ച് വിവാദത്തെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു സ്റ്റാര്‍ക്കിന്‍റെ പ്രതികരണം. ഇംഗ്ലണ്ട് ഓപ്പണര്‍ ബെന്‍ ഡക്കറ്റിനെ പുറത്താക്കാന്‍ സ്റ്റാര്‍ക്ക് നേടിയ ക്യാച്ച് ഏറെ ചര്‍ച്ചയായിരുന്നു.
മത്സരത്തിന്‍റെ നാലാം ദിനത്തിലാണ് സ്റ്റാര്‍ക്കിന്‍റെ ക്യാച്ചിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ ഉണ്ടായത്. ഇംഗ്ലണ്ട് സ്‌കോര്‍ 113ല്‍ നില്‍ക്കെ ബെന്‍ ഡക്കറ്റ് പിന്നിലേക്ക് ഉയര്‍ത്തിയടിച്ച പന്ത് ബൗണ്ടറി ലൈനിന് അരികില്‍ വച്ച് സ്റ്റാര്‍ക്ക് കൈപ്പിടിയിലൊതുക്കി. എന്നാല്‍, വായുവില്‍ വച്ച് പിടിച്ച പന്ത് ഗ്രൗണ്ടില്‍ താരം തെന്നി നീങ്ങുന്നതിനിടെ പന്ത് നിലത്ത് ഉരഞ്ഞുവെന്ന് കണ്ടെത്തുകയും, തുടര്‍ന്ന് തേര്‍ഡ് അമ്പയര്‍ അത് നോട്ട് ഔട്ട് ആണെന്ന് അറിയിക്കുകയും ആയിരുന്നു.
ആ ക്യാച്ച് നോട്ട് ഔട്ട് ആണെങ്കില്‍ അലക്‌സ് കാരി, ബെയര്‍സ്റ്റോയെ പുറത്താക്കിയ രീതി ശരിയാണെന്ന് സ്റ്റാര്‍ക്ക് അഭിപ്രായപ്പെട്ടു. മത്സരശേഷം ബിബിസിയോട് സംസാരിക്കുമ്പോഴായിരുന്നു താരത്തിന്‍റെ പ്രതികരണം.
371 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് 193-5 എന്ന നിലയില്‍ നില്‍ക്കുമ്പോഴായിരുന്നു ബെയര്‍സ്റ്റോയെ അവര്‍ക്ക് നഷ്‌ടമായത്. പിന്നീട് തകര്‍ത്തടിച്ച നായകന്‍ ബെന്‍ സ്റ്റോക്‌സാണ് ആതിഥേയരുടെ തോല്‍വി ഭാരം കുറച്ചത്. മത്സരത്തില്‍ 214 പന്ത് നേരിട്ട സ്റ്റോക്‌സ് 155 റണ്‍സ് നേടിയാണ് പുറത്തായത്.
Also Read :Ashes 2023 | നിയമം അറിയില്ലെങ്കില്‍ അതു പഠിക്കണം; സ്റ്റാര്‍ക്കിന്‍റെ ക്യാച്ച് നോട്ടൗട്ട് തന്നെയെന്ന് എംസിസി
പരമ്പരയിലെ ആദ്യ മത്സരം രണ്ട് വിക്കറ്റിന് പരാജയപ്പെട്ട ഇംഗ്ലണ്ട് രണ്ടാം മത്സരത്തില്‍ 43 റണ്‍സിന്‍റെ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. ജയത്തോടെ പരമ്പരയില്‍ ഓസ്‌ട്രേലിയ 2-0ന് മുന്നിലെത്തിയിട്ടുണ്ട്. ജൂലൈ ആറിനാണ് പരമ്പരയിലെ അടുത്ത മത്സരം ആരംഭിക്കുന്നത്.