എഡ്‌ജ്‌ബാസ്റ്റണ്‍: ആഷസ് (Ashes) ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന്‍റെ രണ്ടാം ദിനമായ ഇന്ന് ആതിഥേയരായ ഇംഗ്ലണ്ടിനെതിരെ മികച്ച സ്‌കോര്‍ കണ്ടെത്താന്‍ ഓസ്‌ട്രേലിയ (Australia) ഇറങ്ങും. ഒന്നാം ദിനത്തില്‍ നാലോവര്‍ ബാറ്റ് ചെയ്‌ത ഓസ്‌ട്രേലിയ നിലവില്‍ 14 റണ്‍സ് നേടിയിട്ടുണ്ട്. ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണര്‍ (8), ഉസ്‌മാന്‍ ഖവാജ എന്നിവരാണ് ക്രീസില്‍.
ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിന് 379 റണ്‍സ് പിന്നിലാണ് നിലവില്‍ ഓസീസ്. മത്സരത്തിന്‍റെ ആദ്യ ദിനത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് (England) 78 ഓവറില്‍ 393-8 എന്ന നിലയില്‍ നില്‍ക്കെ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. സെഞ്ച്വറി നേടി പുറത്താകാതെ നിന്ന മുന്‍ നായകന്‍ ജോ റൂട്ടും (118), അര്‍ധ സെഞ്ച്വറി നേടിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോണി ബെയര്‍സ്റ്റോയും ചേര്‍ന്നാണ് ആദ്യ ദിവസം തന്നെ ഇംഗ്ലീഷ് പടയ്‌ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
ഇംഗ്ലണ്ടിന്‍റെ 'ബാസ്ബോള്‍':ആദ്യ ദിനത്തിലെ മൂന്ന് സെഷനുകളും പൂര്‍ത്തിയാകുന്നതിന് മുന്നേ തന്നെ 400-ന് അടുത്ത് റണ്‍സ് അടിച്ചാണ് ഇംഗ്ലണ്ട് അപ്രതീക്ഷിതമായി തങ്ങളുടെ ഒന്നാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്‌തത്. ശക്തമായ ഓസീസ് ബൗളിങ് നിരയെ തല്ലിച്ചതച്ച് ആഷസ് ടെസ്റ്റിന്‍റെ ഒന്നാം ദിനത്തില്‍ ഇംഗ്ലണ്ട് സ്‌കോര്‍ ചെയ്‌തത് 78 ഓവര്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 393 റണ്‍സ് ആണ്. ഇംഗ്ലണ്ട് നായകന്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുമ്പോള്‍ 118 റണ്‍സുമായി ജോ റൂട്ടും (Joe Root) 17 റണ്‍സടിച്ച ഒലീ റോബിന്‍സണുമായിരുന്നു ക്രീസില്‍.
റൂട്ടിന് പുറമെ ഓപ്പണര്‍ സാക് ക്രാവ്‌ലിയും (Zak Crawley) വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോണി ബെയര്‍സ്റ്റോയും (Jonny Bairstow) ഇംഗ്ലണ്ടിനായി അര്‍ധസെഞ്ച്വറി നേടി. ക്രാവ്‌ലി 73 പന്തില്‍ 61 റണ്‍സ് നേടിയാണ് പുറത്തായത്. ഏഴാമനായ് ക്രീസിലെത്തിയ ബെയര്‍സ്റ്റോ 78 പന്തില്‍ നിന്ന് അത്രയും റണ്‍സ് നേടിയിരുന്നു.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനെത്തിയ ഇംഗ്ലണ്ടിന് പ്രതീക്ഷിച്ച തുടക്കമായിരുന്നില്ല മത്സരത്തില്‍ ലഭിച്ചത്. നാലാം ഓവറില്‍ തന്നെ അവര്‍ക്ക് ഓപ്പണര്‍ ബെന്‍ ഡക്കറ്റിനെ നഷ്‌ടമായി.
ഓസീസിന്‍റെ സ്റ്റാര്‍ പേസര്‍ ജോഷ് ഹേസല്‍വുഡ് ആണ് 10 പന്തില്‍ 12 റണ്‍സ് നേടിയ താരത്തെ പുറത്താക്കിയത്. ഇതിന് പിന്നാലെ സാക് ക്രാവിലിക്കൊപ്പം ഒലീ പോപ്പും ചേര്‍ന്നതോടെ ഇംഗ്ലണ്ട് സ്‌കോര്‍ അതിവേഗം ഉയരാന്‍ തുടങ്ങി. 44 പന്തില്‍ 31 റണ്‍സ് നേടിയ പോപ്പ് 18-ാം ഓവറില്‍ സ്‌കോര്‍ 92ല്‍ നില്‍ക്കെയാണ് പുറത്തായത്.