ലണ്ടന്‍:ആഷസ് (Ashes) പരമ്പരയിലെ രണ്ടാം ടെസ്റ്റും ആവേശകരമായ അന്ത്യത്തിലേക്ക്. ലോര്‍ഡ്‌സില്‍ ഇന്ന് അവസാനിക്കുന്ന മത്സരത്തില്‍ ജയം പിടിക്കാന്‍ ഇംഗ്ലണ്ടിന് (England) ഇനി ആറ് വിക്കറ്റ് ശേഷിക്കെ 257 റണ്‍സാണ് ആവശ്യം. 371 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലീഷ് പട നിലവില്‍ നാലിന് 114 എന്ന നിലയിലാണ്. മറുവശത്ത് ബൗളര്‍മാര്‍ക്ക് കൂടുതല്‍ പിന്തുണ ലഭിക്കുന്ന ആദ്യ സെഷനില്‍ തന്നെ ആതിഥേയരെ വീഴ്‌ത്താനാകും കങ്കാരുപ്പടയുടെ ശ്രമം.
ലോര്‍ഡ്‌സില്‍ ഓസ്‌ട്രേലിയ (Australia) ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ടിന് അത്ര മികച്ച തുടക്കമായിരുന്നില്ല രണ്ടാം ഇന്നിങ്‌സില്‍ ലഭിച്ചത്. 45 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ തന്നെ അവര്‍ക്ക് ആദ്യ നാല് വിക്കറ്റും നഷ്‌ടമായി. മിച്ചല്‍ സ്റ്റാര്‍ക്കും (Mitchell Starc) പാറ്റ് കമ്മിന്‍സും (Pat Cummins) ചേര്‍ന്നാണ് ഇംഗ്ലീഷ് പടയുടെ നാല് വിക്കറ്റുകളും പങ്കിട്ടെടുത്തത്. അര്‍ധസെഞ്ച്വറിയുമായി ബെന്‍ ഡക്കറ്റും, 29 റണ്‍സ് നേടിയ ബെന്‍ സ്റ്റോക്‌സുമാണ് നിലവില്‍ ക്രീസില്‍.
രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യാനെത്തിയ ഇംഗ്ലണ്ടിന് മൂന്നാം ഓവറിലെ ആദ്യ പന്തില്‍ തന്നെ സാക് ക്രാവ്‌ലിയെ (Zak Crawley) നഷ്‌ടപ്പെട്ടു. ആറ് പന്തില്‍ മൂന്ന് റണ്‍സ് നേടിയ താരത്തെ സ്റ്റാര്‍ക്ക് വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരിയുടെ (Alex Carey) കൈകളില്‍ എത്തിക്കുകയായിരുന്നു. അഞ്ചാം ഓവറിലാണ് ഇംഗ്ലണ്ടിന് രണ്ടാമത്തെ വിക്കറ്റ് നഷ്‌ടമാകുന്നത്.
മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ തകര്‍പ്പനൊരു ഇന്‍സ്വിങ് ഡെലിവറി ഇംഗ്ലണ്ടിന്‍റെ മൂന്നാമന്‍ ഒലീ പോപ്പിന്‍റെ (Ollie Pope) മിഡില്‍ സ്റ്റമ്പ് തെറിപ്പിക്കുകയായിരുന്നു. സ്‌കോര്‍ 13ല്‍ നില്‍ക്കെയാണ് പോപ്പ് പുറത്തായത്. ബെന്‍ ഡക്കറ്റ് (Ben Ducket) - ജോ റൂട്ട് (Joe Root) സഖ്യം അവരുടെ സ്‌കോര്‍ പതിയെ ഉയര്‍ത്തി. എന്നാല്‍ 13-ാം ഓവറില്‍ സ്‌കോര്‍ 41ല്‍ നില്‍ക്കെ റൂട്ടിനെയും ഇംഗ്ലണ്ടിന് നഷ്‌ടമായി.