ലണ്ടൻ:ആഷസ് (Ashes) പരമ്പയിലെ രണ്ടാം മത്സരത്തിന്‍റെ നാലാം ദിനത്തിൽ കൂറ്റൻ ലീഡ് ലക്ഷ്യമിട്ട് ഓസ്ട്രേലിയ. രണ്ടാം ഇന്നിങ്സിൽ നിലവിൽ 130-2 എന്ന നിലയിലാണ് സന്ദർശകർ. ആദ്യ ഇന്നിങ്സിൽ ആതിഥേയരായ ഇംഗ്ലണ്ടിനെ 325-ൽ എറിഞ്ഞിട്ട കങ്കാരുപടയ്ക്ക് 221 റൺസിന്‍റെ ലീഡാണുള്ളത്. 58 റൺസുമായി ഉസ്‌മാൻ ഖവാജയും (Usman Khawaja) ആറ് റൺസെടുത്ത സ്റ്റീവ് സ്‌മിത്തുമാണ് (Steve Smith) ക്രീസിൽ.
ലോർഡ്‌സിലെ മൂന്നാം ദിനത്തിൽ ഇംഗ്ലണ്ടിനെതിരെ വ്യക്തമായ ആധിപത്യം സ്ഥാപിക്കാൻ ഓസ്ട്രേലിയക്ക് സാധിച്ചു. ആദ്യം പന്ത് കൊണ്ട് അവർക്ക് ഇംഗ്ലീഷ് ബാറ്റർമാരെ എറിഞ്ഞിടാനായി. രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിന് എത്തിയപ്പോഴും സ്ഥിതി സമാനം.
മൂന്നാം ദിനത്തില്‍ 278-4 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട് ബാറ്റിങ് പുനരാരംഭിച്ചത്. നായകന്‍ ബെന്‍ സ്റ്റോക്‌സ്, ഹാരി ബ്രൂക്ക് എന്നിവര്‍ ചേര്‍ന്ന് ടീമിനെ ശക്തമായ നിലയില്‍ എത്തിക്കുമെന്ന പ്രതീക്ഷയില്‍ ആയിരുന്നു ഇംഗ്ലീഷ് ക്യാമ്പ്. എന്നാല്‍, തുടക്കത്തില്‍ തന്നെ അവര്‍ക്ക് തിരിച്ചടിയേറ്റു.
രണ്ടാം ദിനത്തിലെ വ്യക്തിഗത സ്‌കോറിനോട് ഒരു റണ്‍സ് പോലും കൂട്ടിച്ചേര്‍ക്കാനാകാതെ ക്യാപ്‌റ്റന്‍ ബെന്‍ സ്റ്റോക്‌സ് (17) കൂടാരം കയറി. കാമറൂണ്‍ ഗ്രീനിന്‍റെ കൈകളില്‍ സ്റ്റോക്‌സിനെ എത്തിച്ച് ഇംഗ്ലണ്ടിന്‍റെ കൂട്ടത്തകര്‍ച്ചയ്‌ക്ക് തുടക്കമിട്ടത് മിച്ചല്‍ സ്റ്റാര്‍ക്കാണ് (Mitchell Starc). അധികം വൈകാതെ ഹാരി ബ്രൂക്കിനെയും ഇംഗ്ലണ്ടിന് നഷ്‌ടപ്പെട്ടു.
മിച്ചല്‍ സ്റ്റാര്‍ക്ക് തന്നെയാണ് അര്‍ധസെഞ്ച്വറി നേടിയ ബ്രൂക്കിനെയും മടക്കിയത്. പിന്നീട് എത്തിയവര്‍ക്ക് അധികനേരം ക്രീസില്‍ പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല. സ്കോര്‍ 311-ല്‍ നില്‍ക്കെയാണ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോണി ബെയര്‍സ്റ്റോയെ (16) ഇംഗ്ലണ്ടിന് നഷ്‌ടമാകുന്നത്.