ഓള്‍ഡ് ട്രഫോര്‍ഡ് : ആഷസ് (Ashes) പരമ്പരയിലെ നാലാം മത്സരം ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുന്നു. ഓള്‍ഡ് ട്രാഫോര്‍ഡിലെ നാലാം ദിനത്തില്‍ മഴ കളിച്ചപ്പോള്‍ മങ്ങലേറ്റത് സീരീസില്‍ ഓസ്‌ട്രേലിയക്കൊപ്പമെത്താമെന്ന ഇംഗ്ലണ്ടിന്‍റെ പ്രതീക്ഷകള്‍ക്ക് കൂടിയാണ്. രണ്ട് സെഷനുകള്‍ മഴയെടുത്ത ഇന്നലെ ആകെ 30 ഓവര്‍ കളി മാത്രമാണ് നടന്നത്.
ആ 30 ഓവറുകളില്‍ മികച്ച പ്രകടനം നടത്തി മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവരാനും കങ്കാരുപ്പടയ്‌ക്കായി. നാലിന് 113 എന്ന നിലയിലാണ് ഇന്നലെ ഓസ്‌ട്രേലിയ ബാറ്റിങ് പുനരാരംഭിച്ചത്. ഇതിനോടൊപ്പം ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 101 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കാന്‍ അവര്‍ക്കായിട്ടുണ്ട്.
ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സ് സ്‌കോറിന് 61 റണ്‍സ് പിന്നിലാണ് ഓസ്‌ട്രേലിയ. 107 പന്തില്‍ 31 റണ്‍സ് നേടിയ മിച്ചല്‍ മാര്‍ഷും (Mitchell Marsh) 15 പന്തില്‍ 3 റണ്‍സ് നേടിയ കാമറുണ്‍ ഗ്രീനുമാണ് (Cameron Green) ക്രീസില്‍. സെഞ്ച്വറിയുമായി തകര്‍ച്ചയില്‍ നിന്നും ഓസീസിനെ കരകയറ്റിയ മര്‍നസ് ലബുഷെയ്‌ന്‍റെ (Marnus Labuschagne) വിക്കറ്റാണ് നാലാം ദിനത്തില്‍ അവര്‍ക്ക് നഷ്‌ടപ്പെട്ടത്.
മത്സരത്തിന്‍റെ നാലാം ദിനമായിരുന്ന ഇന്നലെ മഴയെ തുടര്‍ന്ന് ആദ്യത്തെ സെഷന്‍ പൂര്‍ണായും നഷ്‌ടപ്പെട്ടിരുന്നു. ഉച്ചഭക്ഷണത്തിന് ശേഷമാണ് കലാവസ്ഥ അനുകൂലമായതും ഓസ്‌ട്രേലിയ ബാറ്റിങ് പുനരാരംഭിച്ചതും. കിട്ടിയ അവസരത്തില്‍ സന്ദര്‍ശകരെ എറിഞ്ഞുവീഴ്‌ത്തി മത്സരം പിടിച്ചെടുക്കാമെന്ന പ്രതീക്ഷയിലാണ് ആതിഥേയര്‍ മൈതാനത്തേക്ക് ഇറങ്ങിയത്.
Also Read :WI vs IND | കോട്ട കെട്ടി ബാറ്റര്‍മാര്‍, വെള്ളം കുടിച്ച് ഇന്ത്യന്‍ ബൗളര്‍മാന്‍; ക്വീന്‍സ് പാര്‍ക്കില്‍ വെസ്റ്റ് ഇന്‍ഡീസ് പൊരുതുന്നു
എന്നാല്‍, മര്‍നസ് ലബുഷെയ്‌ന്‍റെ പോരാട്ടവീര്യം ഇംഗ്ലീഷ് പ്രതീക്ഷകളെ തല്ലിക്കെടുത്തി. മിച്ചല്‍ മാര്‍ഷിനെ കൂട്ടുപിടിച്ച് ലബുഷെയ്‌ന്‍ കരുതലോടെയാണ് ഓസീസ് സ്‌കോര്‍ ഉയര്‍ത്തിയത്. ഇംഗ്ലണ്ടിന്‍റെ മെയിന്‍ ബൗളര്‍മാര്‍ക്കെതിരെയെല്ലാം ലബുഷെയ്‌ന്‍ റണ്‍സ് കണ്ടെത്തി.
തകര്‍പ്പന്‍ പ്രകടനത്തോടെ കളം നിറഞ്ഞ താരം സെഞ്ച്വറിയിലേക്കുമെത്തിയതോടെ ഓസീസ് വമ്പന്‍ തകര്‍ച്ചയില്‍ നിന്നും ഏറെക്കുറെ കരകയറിയിരുന്നു. സ്‌കോര്‍ 211ല്‍ നില്‍ക്കെയാണ് ലബുഷെയ്‌ന്‍ പുറത്താകുന്നത്.
173 പന്തില്‍ 111 റണ്‍സ് നേടിയ താരത്തെ ജോ റൂട്ടാണ് വീഴ്‌ത്തിയത്. പിന്നീട്, മാര്‍ഷും ഗ്രീനും ക്രീസില്‍ നിലയുറപ്പിക്കുകയായിരുന്നു. വീണ്ടും മഴ പെയ്‌തതോടെ മത്സരം 30 ഓവര്‍ മാത്രം പന്തെറിഞ്ഞ് സ്റ്റമ്പെടുക്കുത്തു.
മത്സരത്തിന്‍റെ അഞ്ചാം ദിനമായ ഇന്നും മാഞ്ചസ്റ്ററില്‍ മഴ പെയ്യുമെന്നാണ് കാലാവസ്ഥ പ്രവചനം. പരമ്പര പിടിക്കാന്‍ ഇംഗ്ലണ്ടിന് ഏറെ നിര്‍ണായകമാണ് ഈ മത്സരം. അതുകൊണ്ട് തന്നെ ഇന്ന് മത്സരം നടന്നാല്‍ അതിവേഗം ഓസ്‌ട്രേലിയയുടെ അഞ്ച് വിക്കറ്റുകള്‍ നേടാനായിരിക്കും ആതിഥേയരുടെ ശ്രമം.
മറുവശത്ത്, സമനിലിയിലെങ്കിലും മത്സരം എത്തിക്കാനാകും ഓസ്‌ട്രേലിയയുടെ ശ്രമം. അലക്‌സ് കാരി ഉള്‍പ്പടെ ബാറ്റ് ചെയ്യാനിരിക്കെ ലീഡ് സ്വന്തമാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയും ഓസ്‌ട്രേലിയക്കുണ്ട്. നിലവില്‍ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 2-1ന് മുന്നിലാണ് അവര്‍.
Also Read :IND vs IRE| ഇനി ക്യാപ്റ്റന്‍ സൂര്യ ?; അയര്‍ലന്‍ഡ് പര്യടനത്തില്‍ സൂര്യകുമാര്‍ യാദവ് ഇന്ത്യയെ നയിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്