ഓള്‍ഡ് ട്രാഫോര്‍ഡ് :ആഷസ് (Ashes) പരമ്പരയിലെ നാലാം ടെസ്റ്റില്‍ സന്ദര്‍ശകരായ ഓസ്‌ട്രേലിയക്ക് (Australia) മേല്‍ പൂര്‍ണ ആധിപത്യം സ്ഥാപിച്ച് ഇംഗ്ലണ്ട് (England). 384-4 എന്ന നിലയിലാണ് അവര്‍ രണ്ടാം ദിനം കളിയവസാനിപ്പിച്ചത്. ഓസീസിന്‍റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിനെതിരെ 67 റണ്‍സിന്‍റെ ലീഡ് നിലവില്‍ ഇംഗ്ലീഷ് പടയ്‌ക്കുണ്ട്.
സാക്ക് ക്രാവ്‌ലിയുടെ (Zak Crawley) തകര്‍പ്പന്‍ ബാറ്റിങ്ങായിരുന്നു രണ്ടാം ദിവസത്തെ ഹൈലൈറ്റ്. ക്രാവ്‌ലിക്കൊപ്പം മൊയീന്‍ അലിയും (Moeen Ali) ജോ റൂട്ടും (Joe Root) ഇംഗ്ലണ്ടിനായി മികച്ച പ്രകടനം നടത്തി. ആതിഥേയര്‍ കളിയുടെ നിയന്ത്രണമേറ്റെടുത്തപ്പോള്‍ ഫീല്‍ഡില്‍ ഉള്‍പ്പടെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് ഓസ്‌ട്രേലിയ നടത്തിയത്.
മത്സരത്തിന്‍റെ ഒന്നാം ദിനത്തില്‍ 299-8 എന്ന നിലയിലായിരുന്നു ഓസ്‌ട്രേലിയ കളിയവസാനിപ്പിച്ചത്. വാലറ്റക്കാരായ സ്റ്റാര്‍ക്കിന്‍റെയും നായകന്‍ പാറ്റ് കമ്മിന്‍സിന്‍റെയും തോളിലേറി ഭേദപ്പെട്ട സ്‌കോറിലേക്ക് എത്താമെന്ന പ്രതീക്ഷയോടെയാണ് അവര്‍ രണ്ടാം ദിനം ബാറ്റിങ്ങിനിറങ്ങിയത്. എന്നാല്‍, ദിവസത്തെ ആദ്യ പന്തില്‍ തന്നെ കമ്മിന്‍സിനെ (1) മടക്കി ജെയിംസ് ആന്‍ഡേഴ്‌സണ്‍ മത്സരത്തില്‍ വിക്കറ്റുകളില്ലായെന്ന ക്ഷീണം മാറ്റി.
അവസാന വിക്കറ്റില്‍ സ്റ്റാര്‍ക്കും ഹേസല്‍വുഡും ചേര്‍ന്ന് 18 റണ്‍സ് മാത്രം കൂട്ടിച്ചേര്‍ത്തതോടെ ഓസീസിന്‍റെ ഒന്നാം ഇന്നിങ്‌സ് 317 റണ്‍സില്‍ അവസാനിച്ചു. ജോഷ് ഹേസല്‍വുഡിനെയാണ് (4) കങ്കാരുപ്പടയ്‌ക്ക് അവസാനം നഷ്‌ടമായത്. ഹേസല്‍വുഡിനെ മടക്കി മത്സരത്തില്‍ അഞ്ച് വിക്കറ്റ് സ്വന്തമാക്കാന്‍ ക്രിസ് വോക്‌സിന് സാധിച്ചിരുന്നു.
പിന്നാലെ, ഒന്നാം ഇന്നിങ്‌സ് ബാറ്റ് ചെയ്യാനെത്തിയ ഇംഗ്ലണ്ടിന്‍റെ അക്കൗണ്ട് സാക്ക് ക്രാവ്‌ലിയാണ് തുറന്നത്. എന്നാല്‍, അത്ര മികച്ചൊരു തുടക്കമായിരുന്നില്ല അവരെ കാത്തിരുന്നത്. മൂന്നാം ഓവറിലെ ആദ്യ പന്തില്‍ ബെന്‍ ഡക്കറ്റിനെ (Ben Duckett) ഇംഗ്ലണ്ടിന് നഷ്‌ടപ്പെട്ടു. 9 റണ്‍സ് മാത്രമായിരുന്നു ആദ്യ വിക്കറ്റ് വീഴുമ്പോള്‍ ഇംഗ്ലീഷ് സ്‌കോര്‍ ബോര്‍ഡിലുണ്ടായിരുന്നത്.
ഇംഗ്ലീഷ് ബാറ്റര്‍മാരെ ഓസീസ് ബൗളര്‍മാര്‍ വെള്ളം കുടിപ്പിക്കുമെന്ന് തോന്നിപ്പിച്ച നിമിഷം കൂടിയായിരുന്നു അത്. എന്നാല്‍, അതിന് തിരിച്ചടി നല്‍കാന്‍ മറ്റൊരു തന്ത്രമാണ് ഇംഗ്ലണ്ട് പരീക്ഷിച്ചത്. ബെന്‍ ഡക്കറ്റ് പുറത്തായതോടെ മൊയീന്‍ അലി ബാറ്റ് ചെയ്യാനെത്തി.