ഓള്‍ഡ് ട്രഫോര്‍ഡ്:ആഷസ് (Ashes) പരമ്പരയിലെ നാലാം മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ പിടിമുറുക്കി ഇംഗ്ലണ്ട് (England) ആദ്യ ഇന്നിങ്‌സില്‍ 275 റണ്‍സിന്‍റെ വമ്പന്‍ ലീഡ് സ്വന്തമാക്കിയ ആതിഥേയര്‍ രണ്ടാം ഇന്നിങ്‌സില്‍ കങ്കാരുപ്പടയുടെ നാല് വിക്കറ്റും സ്വന്തമാക്കി. മത്സരത്തിന്‍റെ മൂന്നാം ദിനത്തില്‍ നാലിന് 113 എന്ന നിലയില്‍ കളിയവസാനിപ്പിച്ച ഓസ്‌ട്രേലിയ ഇപ്പോഴും ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിന് 162 റണ്‍സ് പിന്നിലാണ്.
44 റണ്‍സോടെ മര്‍നസ് ലബുഷെയ്‌നും ഒരു റണ്‍ നേടിയ മിച്ചല്‍ മാര്‍ഷുമാണ് ക്രീസില്‍. മത്സരത്തിന്‍റെ മൂന്നാം ദിനത്തില്‍ മൂന്ന് വിക്കറ്റ് നേടിയ മാര്‍ക്ക് വുഡാണ് (Mark Wood) ഇംഗ്ലണ്ടിന്‍റെ താരം. മാഞ്ചസ്റ്ററില്‍ ഇന്നും നാളെയും പ്രവചിക്കപ്പെട്ടിരിക്കുന്ന മഴയിലാണ് നിലവില്‍ മത്സരം കൈവിടാതിക്കാന്‍ ഓസ്‌ട്രേലിയയുടെ പ്രതീക്ഷ.
പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഓസ്‌ട്രേലിയ അനായാസം തന്നെ പരമ്പര സ്വന്തമാക്കുമെന്നായിരുന്നു തോന്നിപ്പിച്ചത്. എന്നാല്‍, മൂന്നാം മത്സരത്തില്‍ ഇംഗ്ലണ്ടിന് ശക്തമായി തിരിച്ചുവരാന്‍ കഴിഞ്ഞു. നാലാം മത്സരത്തിലേക്ക് എത്തിയപ്പോള്‍ ഓസ്‌ട്രേലിയയെ നിഷ്‌ഭ്രമമാക്കുന്ന ഇംഗ്ലണ്ടിനെയാണ് ഓള്‍ഡ് ട്രഫോര്‍ഡില്‍ ഇതുവരെ കാണാന്‍ കഴിഞ്ഞത്.
'ബാസ് ബോള്‍' എന്ന അക്രമണോത്സുക പ്രകടനം നടത്തി ആതിഥേയരായ ഇംഗ്ലണ്ടിന് നാലാം മത്സരത്തില്‍ ഇതുവരെ ഓസ്‌ട്രേലിയയെ വിറപ്പിക്കാനായിട്ടുണ്ട്. രണ്ടാം ദിനത്തില്‍ ഓസ്‌ട്രേലിയയെ 317ല്‍ എറിഞ്ഞിട്ട ഇംഗ്ലീഷ് പട അന്ന് തന്നെ 67 റണ്‍സിന്‍റെ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടിയിരുന്നു. സാക്ക് ക്രാവ്ലി (189), മൊയീന്‍ അലി (54), ജോ റൂട്ട് (84) എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് അന്ന് അവരെ ലീഡ് സ്വന്തമാക്കാന്‍ സഹായിച്ചത്.
384-4 എന്ന നിലയില്‍ ക്യാപ്‌റ്റന്‍ ബെന്‍ സ്റ്റോക്‌സും ഹാരി ബ്രൂക്കും ചേര്‍ന്നാണ് ഇംഗ്ലണ്ടിനായി മൂന്നാം ദിനത്തില്‍ ബാറ്റിങ് പുനരാരംഭിച്ചത്. രണ്ടാം ദിവസം എവിടെ അവസാനിപ്പിച്ചോള്‍ അത് മൂന്നാം ദിനത്തില്‍ തുടരാന്‍ ഇരുവര്‍ക്കുമായി. ശ്രദ്ധയോടെ ഓസ്‌ട്രേലിയന്‍ ബൗളര്‍മാരെ നേരിട്ട ഇരുവരും അര്‍ധ സെഞ്ച്വറിയടിച്ചാണ് പുറത്തായത്. ഹാരി ബ്രൂക്ക് 61 റണ്‍സ് നേടിയപ്പോള്‍ സ്റ്റോക്‌സ് 51 റണ്‍സാണ് മത്സരത്തില്‍ അടിച്ചെടുത്തത്.
ഇരുവരും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 86 റണ്‍സ് കൂട്ടിച്ചേര്‍ത്തു. സ്‌റ്റോക്‌സിനെ വീഴ്‌ത്തി പാറ്റ് കമ്മിന്‍സാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ, രണ്ടും കല്‍പ്പിച്ചായിരുന്നു ക്രീസിലേക്ക് ജോണി ബെയര്‍സ്റ്റോയുടെ (Jonny Bairstow) വരവ്. ഓസീസ് ബൗളര്‍മാര്‍ക്കെതിരെ അനായാസം റണ്‍സ് കണ്ടെത്താന്‍ ഇംഗ്ലീഷ് വിക്കറ്റ് കീപ്പര്‍ക്കായി. ഇതിനിടെ മറുവശത്തുണ്ടായിരുന്ന ബ്രൂക്കും മടങ്ങിയതോടെ ഇംഗ്ലണ്ട് 474-6 എന്ന നിലയിലേക്ക് വീണു.