ഹെഡിങ്‌ലി :ആഷസ് പരമ്പരയുടെ മൂന്നാം ടെസ്റ്റിന്‍റെ ഒന്നാം ഇന്നിങ്‌സിൽ ബാറ്റിങ്ങിൽ അടിതെറ്റി വീണ് ഇംഗ്ലണ്ട്. ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 263 റണ്‍സിന് മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 237 റണ്‍സിന് ഓൾ ഔട്ട് ആവുകയായിരുന്നു. ഇതോടെ ആദ്യ ഇന്നിങ്‌സിൽ ഓസ്‌ട്രേലിയ 26 റണ്‍സിന്‍റെ ലീഡ് നേടി. അതേസമയം രണ്ടാം ഇന്നിങ്‌സിൽ ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ ചായയ്‌ക്ക് പിരിയുമ്പോൾ ഒരു വിക്കറ്റ് നഷ്‌ടത്തിൽ 29 റണ്‍സ് എന്ന നിലയിലാണ്. ഒരു റണ്‍സ് നേടിയ ഡേവിഡ് വാർണറുടെ വിക്കറ്റാണ് ഓസീസിന് നഷ്‌ടമായത്.
ആദ്യ ഇന്നിങ്സിൽ ആറ് വിക്കറ്റ് വീഴ്‌ത്തിയ ഓസീസ് നായകൻ പാറ്റ് കമ്മിൻസാണ് ലീഡ് നേടാനുറച്ച് കളത്തിലിറങ്ങിയ ഇംഗ്ലീഷ് ബാറ്റർമാരെ എറിഞ്ഞൊതുക്കിയത്. 108 പന്തിൽ ആറ് ഫോറും അഞ്ച് സിക്‌സും ഉൾപ്പടെ 80 റണ്‍സ് നേടിയ ബെൻ സ്റ്റോക്‌സിന് മാത്രമാണ് ഇംഗ്ലണ്ട് നിരയിൽ പിടിച്ച് നിൽക്കാനായത്. വാലറ്റത്തെ കൂട്ടുപിടിച്ച് സ്റ്റോക്‌സ് നടത്തിയ തകർപ്പനടിയാണ് ഇംഗ്ലണ്ടിനെ വൻ തകർച്ചയിൽ നിന്ന് കരകയറ്റിയത്.
68 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയിലാണ് ഇംഗ്ലണ്ട് രണ്ടാം ദിനം മത്സരം പുനരാരംഭിച്ചത്. ബെൻ ഡക്കറ്റ് (2), ഹാരി ബ്രൂക്ക് (3) സാക്ക് ക്രാളി (33) എന്നിവരുടെ വിക്കറ്റുകളായിരുന്നു ഇംഗ്ലണ്ടിന് ആദ്യ ദിനം നഷ്‌ടമായിരുന്നത്. രണ്ടാം ദിനം തുടക്കത്തിൽ തന്നെ ജോ റൂട്ടിന്‍റെ വിക്കറ്റ് ഇംഗ്ലണ്ടിന് നഷ്‌ടമായി. 19 റണ്‍സ് നേടിയ താരത്തെ പാറ്റ് കമ്മിൻസാണ് പുറത്താക്കിയത്.