ഓവല്‍:ആഷസ് (Ashes) പരമ്പരയിലെ അവസാന മത്സരത്തിന്‍റെ ആദ്യ ഇന്നിങ്‌സില്‍ 12 റണ്‍സ് ലീഡ് നേടി ഓസ്‌ട്രേലിയ (Australia). മത്സരത്തിലെ ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 283 റണ്‍സായിരുന്നു നേടിയത്. രണ്ടാം ദിവസത്തെ അവസാന ഓവറില്‍ ബെന്‍ സ്റ്റോക്‌സിന്‍റെ തകര്‍പ്പന്‍ ക്യാച്ചില്‍ നായകന്‍ പാറ്റ് കമ്മിന്‍സിനെ (Pat Cummins) നഷ്‌ടമായതോടെ ഓസീസ് ഇന്നിങ്‌സ് 295 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.
സ്റ്റീവ് സ്‌മിത്തിന്‍റെ (Steve Smith) അര്‍ധ സെഞ്ച്വറി പ്രകടനവും വാലറ്റത്ത് നായകന്‍റെയും ടോഡ് മര്‍ഫിയുടെയും (Todd Murphy) പോരാട്ടമായിരുന്നു സന്ദര്‍ശകര്‍ക്ക് ലീഡ് സമ്മാനിച്ചത്. 71 റണ്‍സ് നേടിയ സ്റ്റീവ് സ്‌മിത്താണ് ഒന്നാം ഇന്നിങ്സില്‍ ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോറര്‍. ഇംഗ്ലണ്ടിനായി ക്രിസ് വോക്‌സ് (Chris Woakes) മൂന്നും സ്റ്റുവര്‍ട്ട് ബ്രോഡ് (Stuart Broad), മാര്‍ക്ക് വുഡ് (Mark Wood), ജോ റൂട്ട് (Joe Root) എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും നേടി.
നേരത്തെ, ഓവല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നേടി ആദ്യം ഫീല്‍ഡിങ് തെരഞ്ഞെടുത്ത ഓസ്‌ട്രേലിയക്ക് മത്സരത്തിന്‍റെ ഒന്നാം ദിനത്തില്‍ തന്നെ ആതിഥേയരെ 283 റണ്‍സില്‍ എറിഞ്ഞ് വീഴ്‌ത്താന്‍ സാധിച്ചിരുന്നു. 85 റണ്‍സ് നേടിയ ഹാരി ബ്രൂക്കായിരുന്നു ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന്‍റെ ടോപ് സ്‌കോറര്‍. ഇംഗ്ലീഷ് നിരയെ എറിഞ്ഞിട്ട് ആദ്യ ദിവസം തന്നെ ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ അന്ന് നേടിയതാകട്ടെ ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 61 റണ്‍സും.
തുടര്‍ന്ന്, രണ്ടാം ദിനമായ ഇന്നലെ ബാറ്റിങ് പുനരാരംഭിച്ച അവര്‍ കരുതലോടെയാണ് ബാറ്റ് വീശിയത്. ഇംഗ്ലീഷ് ബൗളര്‍മാര്‍ക്ക് പിച്ചിന്‍റെ സഹായം കൂടി ലഭിച്ചതോടെ റണ്‍സ് കണ്ടെത്താന്‍ ഉസ്‌മാന്‍ ഖവാജയും മര്‍നസ് ലബുഷെയ്‌നും നന്നേ പാടുപെട്ടു. സ്‌കോര്‍ ബോര്‍ഡില്‍ 30 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ അവര്‍ക്ക് രണ്ടാം വിക്കറ്റും നഷ്‌ടമായി.