ഓവല്‍:ആഷസ് പരമ്പരയിലെ അവസാന മത്സരത്തിന്‍റെ രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് (England) കൂറ്റന്‍ ലീഡിലേക്ക്. ഓവലില്‍ മൂന്നാം ദിനം കളി അവസാനിപ്പിച്ചപ്പോള്‍ 389-9 എന്ന നിലയിലാണ് ഇംഗ്ലീഷ് പട. ആതിഥേയര്‍ക്ക് നിലവില്‍ 377 റണ്‍സിന്‍റെ ലീഡാണുള്ളത്.
രണ്ടാം ദിനത്തില്‍ 12 റണ്‍സ് ഒന്നാം ഇന്നിങ്‌സ് ലീഡ് സ്വന്തമാക്കിയ ഓസ്‌ട്രേലിയയെ എറിഞ്ഞിടാന്‍ ഇംഗ്ലണ്ടിന് സാധിച്ചിരുന്നു. തുടര്‍ന്ന്, മൂന്നാം ദിനത്തില്‍ ബാറ്റിങ്ങിനെത്തിയ ഇംഗ്ലണ്ട് ഓസീസ് ബൗളര്‍മാരെ തലങ്ങും വിലങ്ങും അടിച്ച് പറത്തിയാണ് റണ്‍സ് കണ്ടെത്തിയത്. രാവിലത്തെ സെഷന്‍ ഇംഗ്ലീഷ് ഓപ്പണര്‍മാരായ സാക്ക് ക്രാവ്‌ലി (Zak Crawley) തന്‍റെ സ്വന്തം പേരിലാക്കി.
ഓസീസ് ബൗളര്‍മാര്‍ക്ക് മേല്‍ പൂര്‍ണാധിപത്യം നേടിയ ക്രാവ്‌ലി അതിവേഗമാണ് റണ്‍സ് അടിച്ചെടുത്തത്. ക്രാവ്‌ലിയുടെ സഹ ഓപ്പണര്‍ ബെന്‍ ഡക്കറ്റും തരക്കേടില്ലാത്ത പ്രകടനം നടത്തി. 55 പന്തില്‍ 42 റണ്‍സ് നേടിയ ഡക്കറ്റിനെ ആയിരുന്നു ഇംഗ്ലണ്ടിന് ആദ്യം നഷ്‌ടപ്പെട്ടത്.
ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 79 റണ്‍സ് കൂട്ടിച്ചേര്‍ത്തിരുന്നു. ഡക്കറ്റ് പുറത്തായതിന് പിന്നാലെ മൂന്നാമനായി നായകന്‍ ബെന്‍ സ്റ്റോക്‌സായിരുന്നു (Ben Stokes) ക്രീസിലേക്കെത്തിയത്. ഇരുവരും ചേര്‍ന്ന് അനായാസം സ്കോര്‍ ഉയര്‍ത്തി. രണ്ടാം വിക്കറ്റില്‍ ക്രാവ്ലി ആയിരുന്നു കൂടുതല്‍ അപകടകാരി.
76 പന്തില്‍ 73 റണ്‍സ് നേടിയ ക്രാവ്‌ലിയെ ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സാണ് പുറത്താക്കിയത്. നാലാമനായി ക്രീസിലെത്തിയ ജോ റൂട്ടിനെ (Joe Root) കൂട്ടുപിടിച്ച് സ്റ്റോക്‌സ് റണ്‍സ് കണ്ടെത്തുന്നത് തുടര്‍ന്നു. സ്‌കോര്‍ 213-ല്‍ നില്‍ക്കെ 67 പന്തില്‍ 42 റണ്‍സ് നേടിയ ഇംഗ്ലീഷ് നായകനെ ടോഡ് മര്‍ഫി മടക്കി.