എഡ്‌ജ്‌ബാസ്റ്റണ്‍:ക്രിക്കറ്റ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ആഷസ് (Ashes) ടെസ്റ്റ് പരമ്പരയുടെ ആദ്യ ടെസ്റ്റ് മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. നാളെ (ജൂണ്‍ 16) എഡ്‌ജ്‌ബാസ്റ്റണ്‍ സ്റ്റേഡിയത്തിലാണ് ആഷസ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ആരംഭിക്കുന്നത്. അയര്‍ലന്‍ഡിനെതിരായ ടെസ്റ്റ് മത്സരത്തില്‍ കളിച്ച ടീമില്‍ പേസ് ബൗളിങ് യൂണിറ്റില്‍ വമ്പന്‍ അഴിച്ചുപണികള്‍ നടത്തിയാണ് ആദ്യ മത്സരത്തിനുള്ള ടീമിനെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
വെറ്ററന്‍ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണും യുവ പേസര്‍ റോബിന്‍സണും ടീമിലിടം പിടിച്ചിട്ടുണ്ട്. അയര്‍ലന്‍ഡിനെതിരായ ടെസ്റ്റ് മത്സരത്തില്‍ ഇവര്‍ ഇരുവര്‍ക്കും ടീം വിശ്രമം അനുവദിച്ചിരുന്നു. അടുത്തിടെ അവസാനിച്ച ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ടൂര്‍ണമെന്‍റില്‍ ഇംഗ്ലണ്ടിന് വേണ്ടി കൂടുതല്‍ വിക്കറ്റ് നേടിയ താരങ്ങളാണ് ഇരുവരും.
ആഷസ് ക്രിക്കറ്റില്‍ മികച്ച റെക്കോഡാണ് നാല്‍പ്പതുകാരനായ ജെയിംസ് ആന്‍ഡേഴ്‌സണുള്ളത്. ചിരവൈരികളായ ഓസീസിനെതിരെ 35 മത്സരങ്ങളില്‍ നിന്നും 112 വിക്കറ്റുകള്‍ താരം നേടിയിട്ടുണ്ട്. സ്റ്റുവര്‍ട്ട് ബ്രോഡാണ് മറ്റൊരു പേസര്‍. മാര്‍ക്ക് വുഡിനെ പിന്തള്ളിയാണ് സീനിയര്‍ താരം ടീമില്‍ ഇടം പിടിച്ചത്.
ടെസ്റ്റിലെ വിരമിക്കല്‍ പിന്‍വലിച്ച് ടീമിലേക്ക് മടങ്ങിയെത്തിയ മൊയീന്‍ അലിയും ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിനുള്ള പ്ലെയിങ് ഇലവനില്‍ ഇടം പിടിച്ചു. സ്‌പിന്നര്‍ ജാക്ക് ലീച്ച് പരിക്കേറ്റ് പുറത്തായതോടെയാണ് അലിയെ ഇംഗ്ലണ്ട് ടീമിലേക്ക് മടക്കി വിളിച്ചത്.
സാക് ക്രാവ്‌ലി, ബെന്‍ ഡക്കറ്റ് എന്നിവരാണ് ഇംഗ്ലണ്ടിനായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. മൂന്നാമനായി ഓലീ പോപ്പും നാലാം നമ്പറില്‍ സൂപ്പര്‍ താരം ജോ റൂട്ടുമാകും ക്രീസിലെത്തുക. ഐപിഎല്ലില്‍ മികവിലേക്ക് ഉയരാന്‍ സാധിക്കാതിരുന്ന ഹാരി ബ്രൂക്ക് അഞ്ചാം നമ്പറില്‍ കളിക്കളത്തിലേക്കെത്തും. പിന്നാലെ നായകന്‍ ബെന്‍ സ്റ്റോക്‌സ്, ജോണി ബെയര്‍സ്റ്റോ എന്നിവരാണ് ഇംഗ്ലണ്ടിനായി ബാറ്റ് ചെയ്യാനെത്തുക.
നാട്ടില്‍ കങ്കാരുപ്പടയ്‌ക്കെതിരെ ആഷസ് പരമ്പര തോറ്റിട്ടില്ലെന്ന റെക്കോഡ് നിലനിര്‍ത്താനാണ് ബെന്‍ സ്റ്റോക്‌സിന്‍റെ നേതൃത്വത്തില്‍ ത്രീലയണ്‍സ് കളത്തിലിറങ്ങുന്നത്. അതേസമയം, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് നേട്ടത്തിന്‍റെ ആത്മവിശ്വാസത്തിലാണ് ഇംഗ്ലണ്ട്. 2021-23 ലെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയെ 209 റണ്‍സിനായിരുന്നു പാറ്റ് കമ്മിന്‍സും സംഘവും തകര്‍ത്തത്.
ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍:സാക് ക്രാവ്‌ലി, ബെന്‍ ഡക്കറ്റ്, ഒലീ പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെന്‍ സ്റ്റോക്‌സ് (ക്യാപ്‌റ്റന്‍), ജോണി ബെയര്‍സ്റ്റോ, മൊയീന്‍ അലി, സ്റ്റുവര്‍ട്ട് ബ്രോഡ്, ഒലീ റോബിന്‍സണ്‍, ജെയിംസ് ആന്‍ഡേഴ്‌സണ്‍
ഓസ്‌ട്രേലിയന്‍ സ്‌ക്വാഡ്:ഉസ്‌മാൻ ഖവാജ, ഡേവിഡ് വാർണർ, മാർനസ് ലബുഷെയ്‌ന്‍, സ്റ്റീവ് സ്‌മിത്ത് (വൈസ് ക്യാപ്‌റ്റന്‍), ട്രാവിസ് ഹെഡ്, കാമറൂൺ ഗ്രീൻ, അലക്‌ല് കാരി (വിക്കറ്റ് കീപ്പര്‍), ജോഷ് ഹെയ്‌സല്‍വുഡ്, പാറ്റ് കമ്മിൻസ് (ക്യാപ്‌റ്റന്‍), മിച്ചൽ സ്റ്റാർക്ക്, മാർക്കസ് ഹാരിസ്, സ്കോട്ട് ബോളണ്ട്, നഥാൻ ലിയോൺ, മിച്ച് മാർഷ്, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍) ടോഡ് മർഫി, മാത്യു റെൻഷോ.
Also Read :ICC Test rankings | ലെബുഷെയ്‌ന്‍, സ്‌മിത്ത്, ഹെഡ്: കിരീടം മാത്രമല്ല, ആദ്യ മൂന്ന് റാങ്കും ഓസീസിന്