ലണ്ടന്‍: ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ആഷസ് 2023-ലെ ആദ്യ രണ്ട് മത്സരങ്ങളിലും തോല്‍വി വഴങ്ങിയ ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് പിടിച്ച് ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. ഹെഡിങ്‌ലിയിൽ നടന്ന മത്സരത്തിൽ മൂന്ന് വിക്കറ്റുകള്‍ക്കാണ് ആതിഥേയരായ ഇംഗ്ലണ്ട് വിജയം നേടിയത്. തുടര്‍ച്ചയായ മൂന്നാം ടെസ്റ്റിലും വിജയം നേടി ആഷസ് സ്വന്തമാക്കാമെന്ന ലക്ഷ്യത്തോടെയിറങ്ങിയ പാറ്റ് കമ്മിന്‍സിന്‍റെ സംഘത്തിന് രണ്ടാം ഇന്നിങ്‌സിന് ശേഷം 251 റണ്‍സ് വിജയലക്ഷ്യമാണ് ഇംഗ്ലണ്ടിന് മുന്നില്‍ വയ്‌ക്കാന്‍ കഴിഞ്ഞത്.
മറുപടിക്കിറങ്ങിയ ബെന്‍ സ്റ്റോക്‌സും കൂട്ടരും ഒരു ദിവസം ബാക്കിനിൽക്കെ അമ്പതാം ഓവറിൽ ഏഴ് വിക്കറ്റ് നഷ്‌ടത്തിൽ വിജയം പിടിക്കുകയായിരുന്നു. ഓസ്‌ട്രേലിയയ്‌ക്ക് എതിരായ വിജയത്തോടെ ക്യാപ്റ്റനെന്ന നിലയില്‍ ഇന്ത്യന്‍ ഇതിഹാസം എംഎസ് ധോണി സ്ഥാപിച്ച ഒരു തകര്‍പ്പന്‍ റെക്കോഡ് പൊളിച്ചടക്കിയിരിക്കുകയാണ് ബെന്‍ സ്റ്റോക്‌സ്.
ടെസ്റ്റിൽ 250-ലധികം റൺസ് ചേസ് ചെയ്‌ത് ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടിയ ക്യാപ്റ്റനെന്ന റെക്കോഡാണ് 32-കാരനായ ബെന്‍ സ്റ്റോക്‌സ് സ്വന്തം പേരിലാക്കിയത്. നേരത്തെ ടെസ്റ്റില്‍ നാല് തവണ വീതം 250-ലധികം റണ്‍സ് ചേസ് ചെയ്‌ത് വിജയിച്ച നായകന്മാരായി തുല്യത പാലിക്കുകായിരുന്നു ധോണിയും സ്റ്റോക്‌സും. ഹെഡിങ്‌ലിയിലെ നേട്ടത്തോടെ സ്‌റ്റോക്‌സിന്‍റെ പട്ടികയില്‍ ഇത്തരത്തിലുള്ള അഞ്ച് വിജയങ്ങളായി.
ടെസ്റ്റില്‍ മൂന്ന് തവണ വീതം 250-ലധികം റണ്‍സ് ചേസ് ചെയ്‌ത വിജയച്ച നായകന്മാരായി വെസ്റ്റ് ഇന്‍ഡീസിന്‍റെ ബ്രയാന്‍ ലാറയും ഓസ്‌ട്രേലിയയുടെ റിക്കി പോണ്ടിങ്ങുമാണ് ഇരുവര്‍ക്കും പിന്നിലുള്ളത്. അതേസമയം ഹാരി ബ്രൂക്കിന്‍റെ (93 പന്തില്‍ 75) അര്‍ധ സെഞ്ചുറി പ്രകടനവും മാർക്ക് വുഡ് (8 പന്തില്‍ 16) , ക്രിസ് വോക്‌സ് (47 പന്തില്‍ 32) എന്നിവരുടെ ഫിനിഷിങ്ങുമാണ് ഇംഗ്ലണ്ടിനെ അഞ്ച് മത്സര പരമ്പരയിലേക്ക് തിരികെ എത്തിച്ചത്. സാക്ക് ക്രാളിയും (55 പന്തില്‍ 44) നിര്‍ണായകമായി.