ലണ്ടൻ : ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിലും ഓസ്‌ട്രേലിയക്ക് തകർപ്പൻ ജയം. അതിഥേയരായ ഇംഗ്ലണ്ടിനെ 43 റണ്‍സിനാണ് കങ്കാരുപ്പട കീഴടക്കിയത്. രണ്ടാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ ഉയര്‍ത്തിയ 371 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് 327 റണ്‍സിന് ഓള്‍ ഔട്ടായി. ക്യാപ്‌റ്റന്‍റെ ഇന്നിങ്‌സുമായി ടീമിന്‍റെ മുഴുവൻ ഭാരവും ഒറ്റക്ക് ചുമലിലേറ്റി മുന്നേറിയ ബെൻ സ്റ്റോക്‌സ് വീണതോടെയാണ് ഇംഗ്ലണ്ട് പരാജയം സമ്മതിച്ചത്. സ്‌കോര്‍: ഓസ്‌ട്രേലിയ 416, 279. ഇംഗ്ലണ്ട്: 325, 327.
ഒറ്റയാൾ പോരാട്ടം നടത്തിയ ബെൻ സ്റ്റോക്‌സ് 214 പന്തിൽ 155 റണ്‍സ് നേടി പുറത്തായി. സ്റ്റോക്‌സ് ക്രീസിലുണ്ടായിരുന്നപ്പോൾ പൂർണ വിജയ പ്രതീക്ഷയിലായിരുന്നു ഇംഗ്ലണ്ട്. എന്നാൽ ടീം സ്കോർ 301ൽ നിൽക്കെ ജോഷ് ഹേസൽവുഡ് സ്റ്റോക്‌സിനെ കീപ്പർ അലക്‌സ് കാരിയുടെ കൈകളിലെത്തിച്ച് ഇംഗ്ലണ്ടിന്‍റെ പ്രതീക്ഷകൾ തകർത്തെറിയുകയായിരുന്നു. ഇതോടെ ഇംഗ്ലണ്ട് തകർന്നടിയുകയായിരുന്നു.
നാല് വിക്കറ്റ് നഷ്‌ടത്തിൽ 114 എന്ന നിലയിലാണ് ഇംഗ്ലണ്ട് അവസാന ദിവസം കളിയാരംഭിച്ചത്. ക്രീസിലുണ്ടായിരുന്ന ബെൻ സ്റ്റോക്‌സും ബെൻ ഡക്കറ്റും ചേർന്ന് മികച്ച തുടക്കമാണ് ഇംഗ്ലണ്ടിന് നൽകിയത്. അഞ്ചാം വിക്കറ്റിൽ നിർണായകമായ 132 റണ്‍സാണ് ഇരുവരും കൂട്ടിച്ചേർത്തത്. ടീം സ്കോർ 177 ൽ നിൽക്കെ ബെൻ ഡക്കറ്റിനെ പുറത്താക്കി ജോഷ് ഹേസൽവുഡാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
പുറത്താകുമ്പോൾ 112 പന്തിൽ ഒൻപത് ഫോറുകൾ ഉൾപ്പെടെ 83 റണ്‍സായിരുന്നു ഡക്കറ്റിന്‍റെ സമ്പാദ്യം. തുടർന്ന് ജോണി ബെയർസ്റ്റോ ക്രീസിലെത്തി. എന്നാൽ 10 റണ്‍സെടുത്ത ബെയർസ്റ്റോ അശ്രദ്ധ മൂലം റണ്‍ഔട്ടിൽ പുറത്തായത് ഇംഗ്ലണ്ടിന് കനത്ത തിരിച്ചടിയായി. ഇതോടെ ഇംഗ്ലണ്ട് ആറ് വിക്കറ്റ് നഷ്‌ടത്തിൽ 193 റണ്‍സ് എന്ന നിലയിലേക്കെത്തി. എന്നാൽ ഇതൊന്നും കൂസാതെ ബെൻ സ്റ്റോക്‌സ് ആക്രമിച്ച് തന്നെ കളിച്ച് മുന്നേറി.
അനായാസം ഓസീസ് ബോളർമാരെ തലങ്ങും വിലങ്ങും പായിച്ച സ്റ്റോക്‌സ് ഇംഗ്ലണ്ടിന് വിജയ പ്രതീക്ഷ നൽകി. പിന്നാലെ വന്ന സ്റ്റുവർട്ട് ബ്രോഡിനെ കൂട്ടുപിടിച്ച് സ്റ്റോക്‌സ് സെഞ്ച്വറി പൂർത്തിയാക്കി. ബ്രോഡിനോടൊപ്പം 108 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് സ്റ്റോക്‌സ് പടത്തുയർത്തിയത്. അതിൽ 97 റണ്‍സും സ്റ്റോക്‌സിന്‍റെ വകയായിരുന്നു. കാമറൂണ്‍ ഗ്രീനിന്‍റെ ഓവറിൽ മൂന്ന് സിക്‌സുകളാണ് സ്റ്റോക്‌സ് പറത്തിയത്. ഇതിനിടെ സ്റ്റോക്‌സ് 150 റണ്‍സും പൂർത്തിയാക്കി.
എന്നാൽ ടീം സ്കോർ 301ൽ നിൽക്കെ ഇംഗ്ലണ്ടിന്‍റെ സകല പ്രതീക്ഷകളും തകർത്തുകൊണ്ട് സ്റ്റോക്‌സ് പുറത്തായി. 214 പന്തിൽ ഒൻപത് വീതം ഫോറും സിക്‌സും ഉൾപ്പെടെ 155 റണ്‍സ് നേടിയാണ് സ്റ്റോക്‌സ് മടങ്ങിയത്. ഇതോടെ ഓസ്‌ട്രേലിയ മത്സരത്തിലേക്ക് മടങ്ങിയെത്തി. തുടർന്നെത്തിയ ഒലി റോബിൻസണ്‍ (1), സ്റ്റുവർട്ട് ബ്രോഡ് (11) ജോഷ് ടങ് (19) എന്നിവരെക്കൂടി കൂടാരം കയറ്റി ഓസ്‌ട്രേലിയ വിജയം പിടിച്ചെടുക്കുകയായിരുന്നു.
സ്റ്റോക്‌സ് പുറത്തായതിന് ശേഷം വെറും 26 റണ്‍സ് മാത്രമാണ് ഇംഗ്ലണ്ട് സ്‌കോർ ബോർഡിൽ കൂട്ടിച്ചേർത്തത്. ഓസ്‌ട്രേലിയക്കായി മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമ്മിൻസ്, ജോഷ് ഹേസൽവുഡ് എന്നിവർ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ കാമറൂണ്‍ ഗ്രീൻ ഒരു വിക്കറ്റും നേടി. ഈ വിജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഓസ്‌ട്രേലിയ 2-0 ന് മുന്നിലെത്തി.