അഡ്‌ലെയ്‌ഡ് : രണ്ടാം ആഷസിലും ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയ പിടിമുറുക്കുന്നു. ഇംഗ്ലണ്ടിനെ ഒന്നാം ഇന്നിങ്സില്‍ 236 റണ്‍സിന് പുറത്താക്കി രണ്ടാം ഇന്നിങ് ബാറ്റിങ് അരംഭിച്ച ഓസീസ് മൂന്നാം ദിനം മത്സരം അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 45 റണ്‍സ് എന്ന നിലയിലാണ്.
ആദ്യ ഇന്നിങ്സില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 473 റണ്‍സെടുത്ത ഓസീസ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഇതോടെ 282 റണ്‍സിന്‍റെ ലീഡാണ് ആതിഥേയര്‍ക്കുള്ളത്.
ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ വിക്കറ്റാണ് സംഘത്തിന് നഷ്ടമായത്. 13 റണ്‍സെടുത്ത വാര്‍ണറെ സ്റ്റുവര്‍ട്ട് ബ്രോഡ് റണ്‍ ഔട്ട് ആക്കുകയായിരുന്നു. മാര്‍കസ് ഹാരിസ് (21*), മൈക്കല്‍ നെസര്‍ (2*) എന്നിവരാണ് ക്രീസില്‍.
2 വിക്കറ്റ് നഷ്ടത്തിൽ 17 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ഒന്നാം ഇന്നിങ്സ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് ഡേവിഡ് മലാൻ- ജോ റൂട്ട് സഖ്യത്തിന്‍റെ പ്രകടനമാണ് തുണയായത്. മൂന്നാം വിക്കറ്റില്‍ 138 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. 80 റണ്‍സെടുത്ത ഡേവിഡ് മലാനാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്‌കോറര്‍. 62 റണ്‍സാണ് റൂട്ടിന്‍റെ സമ്പാദ്യം. ബെന്‍ സ്റ്റോക്‌സ് (34), ക്രിസ് വോക്‌സ് (24) എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് താരങ്ങള്‍.
also read: JOE ROOT : സച്ചിനെയും മറികടന്നു ; റണ്‍വേട്ടയിൽ ജോ റൂട്ടിന് മുന്നിലുള്ളത് ഇനി മൂന്ന് പേർ മാത്രം
ഹസീബ് ഹമീദ് (6), റോറി ബേൺസ് (4), ഒലി പോപ്പ് (5), ജോസ് ബട്‌ലർ (0), ഒലി റോബിൻസൺ (0), സ്റ്റുവർട്ട് ബ്രോഡ് (9) എന്നിങ്ങനെയാണ് പുറത്തായ മറ്റ് താരങ്ങളുടെ സംഭാവന. 5 റണ്‍സുമായി ജയിംസ് ആൻഡേഴ്സൺ പുറത്താവാതെ നിന്നു.
ഓസ്ട്രേലിയക്കായി മിച്ചൽ സ്റ്റാർക്ക് 16.1 ഓവറില്‍ 37 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്‌ത്തി. നതാൻ ലിയോൺ മൂന്നും കാമറൂൺ ഗ്രീൻ രണ്ടും വിക്കറ്റ് വീതം വീഴ്ത്തി. മൈക്കല്‍ നെസറിന് ഒരു വിക്കറ്റുണ്ട്.