ബ്രിസ്‌ബെയ്ന്‍: ഗാബയിലെ ഒന്നാം ആഷസ് ടെസ്റ്റില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 147 റണ്‍സിന് പുറത്ത്. ഓസീസിന്‍റെ ടെസ്റ്റ് നായകനായുള്ള അരങ്ങേറ്റം അഞ്ച് വിക്കറ്റ് നേട്ടത്തോടെ ആഘോഷിച്ച പാറ്റ് കമ്മിന്‍സാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്.
13.1 ഓവറില്‍ വെറും 38 റണ്‍സ് വിട്ടുകൊടുത്താണ് കമ്മിന്‍സിന്‍റെ അഞ്ച് വിക്കറ്റ് നേട്ടം. മിച്ചല്‍ സ്റ്റാര്‍ക്കും ജോഷ് ഹേസല്‍വുഡും രണ്ട് വിക്കറ്റുകള്‍ വീതം നേടിയും കാമറൂണ്‍ ഗ്രീന്‍ ഒരു വിക്കറ്റ് വീഴ്‌ത്തിയും നായകന് പിന്തുണ നല്‍കിയപ്പോള്‍ ഇംഗ്ലണ്ടിന്‍റെ പതനം പൂര്‍ത്തിയായി.
58 പന്തില്‍ 39 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലറാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്‌കോറര്‍. ഒലി പോപ്പ് (35 ), ക്രിസ് വോക്‌സ്(21 ), ഹസീബ് ഹമീദ് (25 ) എന്നിവരാണ് ഇംഗ്ലീഷ് നിരയില്‍ രണ്ടക്കം കടന്ന മറ്റ് താരങ്ങള്‍.
റോറി ബേണ്‍സ് (0), ഡേവിഡ് മലാന്‍ 6(9), ക്യാപ്റ്റന്‍ ജോ റൂട്ട് (0), ബെന്‍ സ്റ്റോക്‌സ് (5), ഒലി റോബിന്‍സണ്‍ (0), മാര്‍ക് വുഡ് (8) എന്നിങ്ങനെയാണ് പുറത്തായ മറ്റ് താരങ്ങളുടെ സംഭാവന. ജാക്ക് ലീച്ച് (2*) പുറത്താവാതെ നിന്നു.
അതേസമയം മഴയെ തുടര്‍ന്ന് ഓസീസിന് ഒന്നാം ഇന്നിങ്സ് ബാറ്റിങ്ങിന് ഇറങ്ങാനായിട്ടില്ല.