പൂനെ: ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടി20യില്‍ കളിക്കാതിരുന്ന പേസര്‍ അര്‍ഷ്‌ദീപ് സിങ് രണ്ടാം ടി20യിലൂടെയാണ് പ്ലേയിങ് ഇലവനിലേക്ക് മടങ്ങിയെത്തിയത്. എന്നാല്‍ തന്‍റെ മികച്ച പ്രകടനം നടത്താന്‍ അര്‍ഷ്‌ദീപിന് കഴിഞ്ഞിരുന്നില്ല. ലങ്കന്‍ ഇന്നിങ്‌സില്‍ ആകെ ഏഴ് നോബോളുകളുണ്ടായപ്പോള്‍ അതില്‍ അഞ്ചും എറിഞ്ഞത് പേസര്‍ അര്‍ഷ്‌ദീപായിരുന്നു.
തന്‍റെ ആദ്യ ഓവറില്‍ തുടര്‍ച്ചയായി മൂന്ന് നോബോളുകളാണ് 23കാരന്‍ എറിഞ്ഞത്. ഇതോടെ ചില മോശം റെക്കോഡുകളും അര്‍ഷ്‌ദീപിന്‍റെ തലയിലായി. അന്താരാഷ്‌ട്ര ടി20യില്‍ ഹാട്രിക് നോബോളുകള്‍ എറിയുന്ന ആദ്യ ഇന്ത്യന്‍ താരമാണ് അര്‍ഷ്‌ദീപ്. കൂടാതെ ന്യൂസിലന്‍ഡിന്‍റെ ഹാമിഷ് റൂഥർഫോർഡിന് ശേഷം ഒരു ടി20യിൽ അഞ്ച് നോ ബോൾ എറിയുന്ന ടെസ്റ്റ് പദവിയുള്ള രാജ്യത്തിൽ നിന്നുള്ള രണ്ടാമത്തെ ബോളറായും അര്‍ഷ്‌ദീപ് മാറി.
അന്താരാഷ്‌ട്ര ടി20 കരിയറില്‍ ഇതുവരെ 14 നോബോളുകളാണ് അര്‍ഷ്‌ദീപ് എറിഞ്ഞിട്ടുള്ളത്. ലങ്കയ്‌ക്ക് എതിരെ രണ്ട് ഓവര്‍ മാത്രം എറിഞ്ഞ അര്‍ഷ്‌ദീപ് 37 റണ്‍സും വഴങ്ങിയിരുന്നു. അതേസമയം മത്സരത്തില്‍ ഇന്ത്യ 16 റണ്‍സിന് തോല്‍വി വഴങ്ങിയിരുന്നു. ആദ്യം ബാറ്റ് ചെയ്‌ത ലങ്ക നേടിയ 206 റൺസ് പിന്തുടർന്ന ഇന്ത്യക്ക് 190 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ.