മുംബൈ : ഇന്ത്യയുടെ യുവതാരങ്ങളായ അർഷ്‌ദീപ് സിങ്ങിനേയും ഇഷാന്‍ കിഷനേയും പ്രശംസിച്ച് ഇതിഹാസ സ്‌പിന്നര്‍ അനിൽ കുംബ്ലെ. അര്‍ഷ്‌ദീപും ഇഷാനും ഇന്ത്യയുടെ അടുത്ത സൂപ്പർ സ്റ്റാറുകളാണ്. ഇരുവരുടേയും വളര്‍ച്ച അത്ഭുതകരമാണെന്നും കുംബ്ലെ പറഞ്ഞു.
അർഷ്‌ദീപിന്‍റെ വളര്‍ച്ച മികച്ച രീതിയിലാണ്. ചെറിയ കാലയളവിനുള്ളില്‍ തന്നെ താരം ഏഷ്യ കപ്പിലും ലോകകപ്പിലും ഇന്ത്യക്കായി കളിച്ചു. അടുത്ത സൂപ്പർ സ്റ്റാർ ബോളറാവാന്‍ താരത്തിന് കഴിയും.
ബാറ്റര്‍മാരുടെ കാര്യമെടുത്താന്‍ അത് ഇഷാന്‍ കിഷനാണ്. തനിക്ക് ലഭിച്ച അവസരങ്ങളിൽ മിന്നുന്ന പ്രകടനം കാഴ്ചവച്ച ഒരാളാണ് ഇഷാന്‍ കിഷന്‍. അടുത്തിടെയാണ് അവന്‍ ഒരു ഇരട്ട സെഞ്ചുറി നേടിയത്. ഇഷാനും അടുത്ത സൂപ്പർസ്റ്റാറാകുമെന്നാണ് താന്‍ കരുതുന്നതെന്നും കുംബ്ലെ വ്യക്തമാക്കി.
നിലവില്‍ ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലാണ് ഇഷാനും അര്‍ഷ്‌ദീപും കളിക്കുന്നത്. കളിച്ച രണ്ട് മത്സരങ്ങളിലും കാര്യമായ പ്രകടനം നടത്താന്‍ ഇഷാന്‍ കിഷന് കഴിഞ്ഞിരുന്നില്ല. ആദ്യ മത്സരത്തില്‍ മോശം പ്രകടനം നടത്തിയ അര്‍ഷ്‌ദീപാകട്ടെ രണ്ടാം ടി20യിലൂടെ ശക്തമായ തിരിച്ചുവരാണ് നടത്തിയത്.
ഇന്ന് അഹമ്മദാബാദിലാണ് ഇന്ത്യ-ന്യൂസിലന്‍ഡ് പരമ്പരയിലെ അവസാന മത്സരം നടക്കുന്നത്. ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ മാറ്റത്തിന് സാധ്യതയുണ്ട്. മോശം ഫോമിലാണെങ്കിലും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്ന നിലയില്‍ ഇഷാന്‍ തുടര്‍ന്നേക്കും.
ALSO READ:ഐപിഎല്ലില്‍ വെള്ളം കുടിപ്പിച്ച ബോളര്‍, ഒരിക്കല്‍ പോലും പുറത്താക്കാത്ത 29കാരന്‍!; വെളിപ്പെടുത്തി ക്രിസ് ഗെയ്‌ല്‍
കളിച്ച രണ്ട് മത്സരങ്ങളില്‍ ഓരോന്ന് വീതം വിജയിച്ച ഇരു ടീമുകളും നിലവില്‍ ഒപ്പത്തിനൊപ്പമാണ്. റാഞ്ചിയില്‍ നടന്ന ആദ്യ മത്സരത്തില്‍ കിവീസ് 21 റണ്‍സിന് വിജയിച്ചപ്പോള്‍ ലഖ്‌നൗവിലെ രണ്ടാം ടി20യില്‍ ആറ് വിക്കറ്റ് വിജയവുമായാണ് ഒപ്പമെത്തിയത്. ഇതോടെ ഇന്നത്തെ മത്സരത്തിലെ വിജയികള്‍ക്ക് പരമ്പര സ്വന്തമാക്കാം.