രണ്ടര വർഷത്തോളമായി ഒരു സെഞ്ച്വറി പോലുമില്ലാതെ വിമർശനങ്ങൾ മാത്രം ഏറ്റുവാങ്ങിക്കൊണ്ടിരുന്ന വിരാട് കോലിയുടെ മധുര പ്രതികാരമായിരുന്നു അഫ്‌ഗാനിസ്ഥാനെതിരായ മത്സരത്തിലെ കഴിഞ്ഞ ദിവസത്തെ തകർപ്പൻ ഇന്നിങ്സ്. മത്സരത്തിൽ 61 പന്തുകളിൽ നിന്ന് ആറ് സിക്‌സുകളും 12 ഫോറുകളും അടക്കം 122 റണ്‍സാണ് കോലി അടിച്ചുകൂട്ടിയത്. പിന്നാലെ തകർപ്പൻ സെഞ്ച്വറിയുമായി തിളങ്ങിയ വിരാട് കോലിക്ക് ആശംസകൾ അറിയിച്ച് ഭാര്യ അനുഷ്‌ക ശർമ.
'നിനക്കൊപ്പം എന്നെന്നും' ; വിരാട് കോലിക്ക് ആശംസയുമായി അനുഷ്‌ക ശർമ - അനുഷ്‌ക ശർമ ഇൻസ്റ്റഗ്രാം
കോലിയുടെ ചിത്രങ്ങൾക്കൊപ്പമാണ് അനുഷ്‌ക ഇൻസ്റ്റഗ്രാമിൽ ആശംസകൾ അറിയിച്ചത്
കഴിഞ്ഞ മത്സരത്തിൽ കോലി സെഞ്ച്വറി നേടിയ നിമിഷത്തിലെ ചിത്രങ്ങളാണ് അനുഷ്‌ക ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. 'ഏതൊരു കാര്യത്തിലും നിനക്കൊപ്പം എന്നെന്നും' എന്നാണ് അനുഷ്‌ക വിരാടിന്‍റെ ചിത്രത്തോടൊപ്പം ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഇതിന് താഴെ ലൗ ഇമോജിയുമായി വിരാട് കോലി തന്നെ രംഗത്തെത്തി. കൂടാതെ പോസ്റ്റിന് താഴെ കമന്‍റുമായി ഒട്ടേറെ താരങ്ങളും രംഗത്തെത്തി.
ചലച്ചിത്ര താരങ്ങളായ രണ്‍വീർ സിങ്, വരുണ്‍ ധവാൻ, ശ്രദ്ധ കപൂർ തുടങ്ങിയവരും ആശംസകൾ അറിയിച്ചു. സെഞ്ച്വറി നേട്ടത്തിലൂടെ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ശതകങ്ങള്‍ നേടിയ താരങ്ങളിൽ റിക്കി പോണ്ടിംഗിനൊപ്പമെത്താനും കോലിക്കായി. അതേസമയം തന്‍റെ സെഞ്ച്വറി ഭാര്യ അനുഷ്‌കയ്‌ക്കും മകൾ വാമികയ്‌ക്കും സമർപ്പിക്കുന്നതായി മത്സരശേഷം കോലി വ്യക്തമാക്കി.