മെല്‍ബണ്‍ : ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ടെസ്റ്റിനിടെ മൈതാനത്ത് വില്ലനായി സ്‌പൈഡര്‍ ക്യാമറ. പ്രോട്ടീസ് പേസര്‍ ആന്‍റിച്ച് നോര്‍ക്യയെ സ്‌പൈഡര്‍ ക്യാമറ പുറകില്‍ നിന്നും ഇടിച്ച് വീഴ്‌ത്തി. മെല്‍ബണിലെ ബോക്‌സിങ് ഡേ ടെസ്റ്റിന്‍റെ രണ്ടാം ദിനമായിരുന്നു സംഭവം.
ഓസീസിന്‍റെ ഒന്നാം ഇന്നിങ്‌സ് ബാറ്റിങ്ങിനിടെ ബാക്ക്‌വേര്‍ഡ് സ്‌ക്വയറില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്നു നോര്‍ക്യ. മത്സരം തത്സമയ സംപ്രേഷണം ചെയ്യുന്ന ഫോക്‌സ് സ്‌പോര്‍ട്‌സിന്‍റെ 'ഫ്‌ളയിങ് ഫോക്‌സ്' ക്യാമറ അതിവേഗത്തില്‍ ചലിക്കുന്നതിനിടെയാണ് താരത്തെ ഇടിച്ചത്. ഇടിയേറ്റെങ്കിലും നോര്‍ക്യ വലിയ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
സംഭവത്തിന് ശേഷവും പന്തെറിയുന്നത് നോര്‍ക്യ തുടര്‍ന്നിരുന്നു. ഇടത് തോളിലും ഇടത് കൈമുട്ടിലും ഇടിയേറ്റെങ്കിലും താൻ സുഖമായിരിക്കുന്നുവെന്ന് രണ്ടാം ദിവസത്തെ കളിക്ക് ശേഷം 29കാരന്‍ അറിയിച്ചിട്ടുണ്ട്. ക്യാമറ വളരെ താഴ്‌ന്നിരിക്കുന്നത് തങ്ങള്‍ നേരത്തെ തന്നെ ശ്രദ്ധിച്ചുവെങ്കിലും എന്താണ് സംഭവിച്ചതെന്ന് പെട്ടെന്ന് മനസിലാക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് താരം വ്യക്തമാക്കി.
Also read:ഏകദിന ലോകകപ്പ്: 'സര്‍ക്കാര്‍ വിലക്കിയാല്‍ ഇന്ത്യയിലേക്കില്ല': പാക് ക്രിക്കറ്റ് ബോര്‍ഡ് തലവന്‍
അതേസമയം സ്‌പൈഡർ ക്യാമിന്‍റെ ഓപ്പറേറ്റർക്ക് സംഭവിച്ച പിഴവാണ് അപകടത്തിനിടയാക്കിയതെന്ന് ഫോക്‌സ് സ്‌പോർട്‌സ് സമ്മതിച്ചതായി ക്രിക്കറ്റ് ഓസ്‌ട്രേലിയ സ്ഥിരീകരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.