പെർത്ത്: ബിഗ് ബാഷ് ലീഗില്‍ മെൽബൺ റെനഗേഡ്‌സിനെതിരായ മത്സരത്തില്‍ വിജയം നേടാന്‍ പെർത്ത് സ്‌കോർച്ചേഴ്‌സിന് കഴിഞ്ഞിരുന്നു. എന്നാല്‍ സ്‌കോർച്ചേഴ്‌സിന്‍റെ പേസര്‍ ആൻഡ്രൂ ടൈ മറക്കാനാഗ്രഹിക്കുന്ന മത്സരമാവും ഇതെന്ന കാര്യത്തില്‍ തര്‍ക്കമില്ല. കാരണം മെൽബൺ ബാറ്റര്‍ ആരോണ്‍ ഫിഞ്ചിന്‍റെ ബാറ്റിന്‍റെ ചൂടറിഞ്ഞ ടൈയുടെ തലയിലായത് ബിഗ് ബാഷ് ചരിത്രത്തിലെ ഏറ്റവും ചിലവേറിയ ഓവര്‍ എറിഞ്ഞ ബോളറെന്ന മോശം റെക്കോഡാണ്.
തന്‍റെ നാലാം ഓവറില്‍ 31 റണ്‍സാണ് താരം വിട്ടുകൊടുത്തത്. മെൽബൺ റെനഗേഡ്‌സിന്‍റെ ഇന്നിങ്‌സിന്‍റെ 18-ാം ഓവറിലായിരുന്നു ഫിഞ്ചിന്‍റെ വെടിക്കെട്ട്. 30 റണ്‍സ് ഫിഞ്ച് അടിച്ചെടുത്തപ്പോള്‍ ഒരു റണ്‍സ് നോബോളിന് ലഭിച്ചതാണ്. ടൈയുടെ ആദ്യ പന്തില്‍ രണ്ട് റണ്‍ ഓടിയ ഫിഞ്ച് രണ്ടും മൂന്നും പന്തുകളില്‍ ബൗണ്ടറി കണ്ടെത്തി.