സിഡ്‌നി: ശനിയാഴ്ച രാത്രി ക്വീന്‍സ്‌ലാന്‍ഡിലുണ്ടായ കാര്‍ അപകടത്തിലാണ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ആൻഡ്രൂ സൈമണ്ട്‌സ് ലോകത്തോട് വിടപറഞ്ഞത്. ആലിസ് റിവർ ബ്രിഡ്‌ജിന് സമീപം ഹെർവി റേഞ്ച് റോഡായിരുന്നു താരത്തിന്‍റെ കാര്‍ അപകടത്തില്‍ പെട്ടത്. ജീവന്‍ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ എമര്‍ജന്‍സി സര്‍വീസുകള്‍ നടത്തിയിരുന്നെങ്കിലും സൈമണ്ട്‌സ് സംഭവ സ്ഥത്തുവച്ചു തന്നെ മരണത്തിന് കീഴടങ്ങിയെന്നാണ് പൊലീസ് അറിയിച്ചത്.
ഇപ്പോഴിതാ കാർ അപകടം നടന്ന സ്ഥലത്ത് വികാരനിർഭരമായ കുറിപ്പു സ്ഥാപിച്ചിരിക്കുകയാണ് താരത്തിന്‍റെ സഹോദരി ലൂയ്‌സി. സൈമണ്ട്സിന്‍റെ മരണം തന്‍റെ ഹൃദയം തകർത്തെന്നും ഒരുമിച്ച് ചിലവഴിക്കാനൊ, ഒരു ഫോൺ കോളിനായോ കഴിഞ്ഞിരുന്നെങ്കിൽ എന്ന പ്രത്യാശയും അവർ കുറിപ്പിൽ പങ്കുവെക്കുന്നുണ്ട്.
‘ഇത്ര വേഗം ദൂരേയ്‌ക്ക് പോയോ, അന്ത്യവിശ്രമം കൊള്ളൂ ആൻഡ്രൂ, നമുക്ക് ഒരു ദിവസം കൂടി ലഭിച്ചെങ്കിൽ, അല്ലെങ്കിൽ ഒരു ഫോൺ കോളിനെങ്കിലും സാധിച്ചിരുന്നെങ്കില്‍ എന്ന് ഞാൻ ആശിച്ച് പോകുന്നു. എന്‍റെ ഹൃദയം തകർന്നിരിക്കുകയാണ്. പ്രിയ സഹോദരാ... നിന്നെ ഞാന്‍ എപ്പോഴും സ്‌നേഹിക്കും’ വികാരനിർഭരമായ കുറിപ്പില്‍ ലൂയ്‌സി എഴുതി. ചാനൽ 9 റിപ്പോർട്ടർ മിയ ഗ്ലോവർ കുറിപ്പിന്‍റെ ചിത്രം ട്വീറ്റ് ചെയ്തിട്ടുണ്ട്.