ലണ്ടൻ: ഇംഗ്ലണ്ട് മുൻ നായകൻ ആൻഡ്രു ഫ്ലിന്‍റോഫിന് കാർ അപകടത്തിൽ ഗുരുതര പരിക്ക്. ബിബിസിയുടെ ഷോ ആയ ടോപ്പ് ഗിയറിന്‍റെ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്. തിങ്കളാഴ്‌ച സറേയിലെ സണ്‍സ്‌ഫോൾഡ് പാർക്ക് എയറോഡ്രാമിൽ മഞ്ഞ് മൂടിയ അന്തരീക്ഷത്തിൽ നടന്ന ചിത്രീകരണത്തിനിടെയാണ് പരിക്കേറ്റത്.
കാർ അപകടം; ഇംഗ്ലണ്ട് മുൻ സൂപ്പർ താരം ആൻഡ്രു ഫ്ലിന്‍റോഫിന് ഗുരുതര പരിക്ക് - എയർ ലിഫ്‌റ്റ്
ഫ്ലിന്‍റോഫിനെ എയർ ലിഫ്‌റ്റ് ചെയ്‌ത് ആശുപത്രിയിലേക്ക് മാറ്റി. ബിബിസിയുടെ ഷോ ആയ ടോപ്പ് ഗിയറിന്‍റെ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്.
പ്രാഥമിക ശുശ്രൂഷകൾ നൽകി താരത്തെ എയർ ലിഫ്‌റ്റ് ചെയ്‌ത് ആശുപത്രിയിലേക്ക് മാറ്റി. അതേസമയം പരിക്ക് ഗുരുതരമാണെങ്കിലും താരത്തിന്‍റെ ജീവന് ഭീഷണിയില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫ്ലിന്‍റോഫ് സാധാരണ വേഗത്തിലാണ് കാറോടിച്ചതെന്നും കനത്ത മഞ്ഞുവീഴ്‌ചയില്‍ കാര്‍ ട്രാക്കില്‍ നിന്ന് വഴുതി മാറിയാണ് അപകടമുണ്ടായതെന്നുമാണ് പ്രാഥമിക വിവരം.
നേരത്തെ 2019ലും ടോപ്പ് ഗിയറിന്‍റെ ചിത്രീകരണത്തിടെ ഫ്ലിന്‍റോഫിന് പരിക്കേറ്റിരുന്നു. അപകടത്തെത്തുടര്‍ന്ന് ടോപ് ഗിയർ ഷോയുടെ ചിത്രീകരണം തത്‌കാലത്തേക്ക് നിര്‍ത്തിവച്ചു. ഫ്ലിന്‍റോഫിനൊപ്പം പരിപാടിയിലെ അവതാരകനായ ക്രിസ് ഹാരിസും അപകട സമയത്ത് ട്രാക്കിലുണ്ടായിരുന്നു. ക്രിസ് ഹാരിസിന് അപകടത്തില്‍ പരിക്കില്ല.