ഹൈദരാബാദ്: ഇംഗ്ലണ്ട് വനിതകള്‍ക്കെതിരായ ഏകദിന പരമ്പര തൂത്തുവാരിയ ഇന്ത്യ ചരിത്ര വിജയമാണ് നേടിയത്. പരമ്പരയിലെ അവസാന മത്സരത്തില്‍ ചില വിവാദങ്ങള്‍ തലപൊക്കിയിരുന്നു. നോണ്‍ സ്‌ട്രേക്കിങ് എന്‍ഡിലുണ്ടായിരുന്ന ഇംഗ്ലണ്ട് ബാറ്റര്‍ ഷാര്‍ലി ഡീനിനെ ഇന്ത്യന്‍ ബോളര്‍ ദീപ്‌തി ശര്‍മ റണ്ണൗട്ടാക്കിയതാണ് വിവാദമായത്.
ഐസിസി നിയമമായി അംഗീകരിച്ച മങ്കാദിങ്ങിലൂടെയായിരുന്നു ദീപ്‌തി ഡീനിനെ പുറത്താക്കിയത്. കരഞ്ഞുകൊണ്ടായിരുന്നു ഷാര്‍ലി ഗ്രൗണ്ട് വിട്ടത്. ഇതിന് പിന്നാലെ ദീപ്‌തിയുടെ പ്രവൃത്തി ക്രിക്കറ്റിന്‍റെ മാന്യതയ്‌ക്ക് നിരയ്‌ക്കാത്തതാണെന്ന തരത്തില്‍ പല ഇംഗ്ലണ്ട് താരങ്ങളും പ്രതികരിച്ചിരുന്നു.
മങ്കാദിങ് രീതിയിലുള്ള പുറത്താക്കൽ ശരിയായില്ലെന്ന് ഇംഗ്ലീഷ് ക്യാപ്റ്റൻ ആമി ജോൺസും പറഞ്ഞു. ഐസിസി നിയമം അനുസരിച്ച് മാത്രമാണ് ദീപ്‌തി കളിച്ചതെന്നിരിക്കെ ഇത്തരം വിമര്‍ശനങ്ങള്‍ക്ക് യാതൊരു പ്രസക്‌തിയുമില്ല. എന്നാല്‍ വിവാദത്തിന് പിന്നാലെ ഇംഗ്ലണ്ട് താരങ്ങളുടെ കളിക്കളത്തിലെ പല മോശം ചെയ്‌തികളും സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കിയിട്ടുണ്ട്.