മുംബൈ: ഓസ്‌ട്രേലിയയ്‌ക്ക് എതിരായ രണ്ടാം ഏകദിനത്തില്‍ മൂന്ന് റണ്‍സിനാണ് ഇന്ത്യന്‍ വനിതകള്‍ തോല്‍വി വഴങ്ങിയത് (India w vs Australia w). മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഓസീസ് 50 ഓവറില്‍ എട്ട് വിക്കറ്റിന് 258 റണ്‍സാണ് നേടിയത്. ലക്ഷ്യം പന്തുടര്‍ന്ന ഇന്ത്യയ്‌ക്ക് 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 255 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.
ഓസീസ് ഇന്നിങ്‌സില്‍ ഏഴ് ക്യാച്ചുകളാണ് ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ പാഴാക്കിയത്. 98 പന്തില്‍ 63 റണ്‍സ് നേടി ഓസീസിന്‍റെ ടോപ് സ്‌കോററായ ഫോബ് ലിച്ച്ഫീൽഡിന് മൂന്ന് തവണയാണ് ഇന്ത്യ ജീവന്‍ നല്‍കിയത്. സ്‌നേഹ് റാണ, ഹര്‍മന്‍പ്രീത് കൗര്‍, ദീപ്‌തി ശര്‍മ, അമന്‍ജ്യോത് കൗര്‍, യാസ്‌തിക ഭാട്ടിയ എന്നിവര്‍ ഓരോന്ന് വീതവും സ്‌മൃതി മന്ദാന രണ്ട് ക്യാച്ചുകളുമാണ് പാഴാക്കിയത്.
പക്ഷെ, മത്സരത്തിന് ശേഷമുള്ള അവതരണ ചടങ്ങില്‍ സംസാരിക്കവെ ഇതിനെ ന്യായീകരിക്കുകയായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ചെയ്‌തത്. ക്യാച്ചുകള്‍ നഷ്‌ടപ്പെടുന്നതും കളിയുടെ ഭാഗമാണെന്നായിരുന്നു ഹര്‍മന്‍റെ വാക്കുകള്‍. എന്നാല്‍ മത്സരത്തില്‍ ഇന്ത്യയുടെ ഫീല്‍ഡിങ് മോശമായിരുന്നുവെന്ന് തുറന്ന് സമ്മതിച്ചിരിക്കുകയാണ് പരിശീകലന്‍ അമോൽ മജുംദാർ. (Amol Muzumdar on India Women fielding against Australia)
"ഞങ്ങളുടെ ഫീൽഡിങ് അത്ര മികച്ചതായിരുന്നില്ല എന്നതിൽ സംശയമില്ല. അതു ശരിയാക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ ഞങ്ങൾ ഇപ്പോഴും പുരോഗതിയിലാണ്.
ആറോളം ക്യാച്ചുകളാണ് നഷ്‌ടപ്പെട്ടത്. ഒരു മത്സരത്തില്‍ ഇത് എല്ലായെപ്പോഴും സംഭവിക്കാറുണ്ട്. ഓസ്‌ട്രേലിയയും ചില ക്യാച്ചുകള്‍ നഷ്‌ടപ്പെടുത്തിയിരുന്നു. എന്നാല്‍ ഫീല്‍ഡിങ് മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് ഞങ്ങള്‍.