ന്യൂഡല്‍ഹി: ആശയവിനിമയങ്ങളില്‍ തടസമില്ലാതിരിക്കാന്‍ കളിക്കാരും മാനേജ്‌മെന്‍റും തമ്മിൽ സുതാര്യത വേണമെന്ന് മുൻ ഇന്ത്യൻ സ്പിന്നർ അമിത് മിശ്ര. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ഏകദിന ക്യാപ്‌റ്റന്‍ സ്ഥാനത്ത് നിന്നും വിരാട് കോലിയെ നീക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പിന്നാലെയാണ് മിശ്രയുടെ പ്രതികരണം.
"ആദ്യമായല്ല ഇത് സംഭവിക്കുന്നത്. മുമ്പും ഇത്തരത്തില്‍ സംഭവിച്ചിട്ടുണ്ട്. രാജ്യത്തിന് വേണ്ടി കളിക്കുകയും കഠിനാധ്വാനം ചെയ്യുകയും ചെയ്ത ഒരു കളിക്കാരന് തന്നെ എന്തിനാണ് ടീമിൽ നിന്നോ, ഒരു പ്രത്യേക സ്ഥാനത്ത് നിന്നോ പുറത്താക്കിയതെന്ന് അറിയാനുള്ള അവകാശം ഉണ്ടെന്നാണ് എനിക്ക് തോന്നുന്നത്. അതേസമയം ഒരു കളിക്കാരൻ തനിക്ക് എവിടെയാണ് കുറവുള്ളതെന്ന് അറിയുകയും ആ വശം മെച്ചപ്പെടുത്തുകയും വേണം ” -അമിത് മിശ്ര പറഞ്ഞു.