ഹൈദരാബാദ്:ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച അമ്പാട്ടി റായിഡു പുതിയൊരു ഇന്നിങ്‌സിനൊരുങ്ങുന്നു. 37-കാരനായ അമ്പാട്ടി റായിഡു രാഷ്‌ട്രീയത്തിലേക്കെന്ന് സൂചന. ആന്ധ്രപ്രദേശിലെ ഭരണ കക്ഷിയായ വൈഎസ്ആർ കോൺഗ്രസിൽ അമ്പാട്ടി റായിഡു ചേരുമെന്നും പാര്‍ട്ടി ടിക്കറ്റില്‍ വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിലോ നിയമസഭ തെരഞ്ഞെടുപ്പിലോ അമ്പാട്ടി റായിഡു മത്സരിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
കഴിഞ്ഞയാഴ്‌ച ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിയുമായി അമ്പാട്ടി റായിഡു രണ്ട് തവണ കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് താരം രാഷ്‌ട്രീയത്തിലേക്കെന്ന അഭ്യൂഹങ്ങൾ ശക്തമായത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ ആന്ധ്രയിലെ ഗുണ്ടൂർ സ്വദേശിയായ അമ്പാട്ടി റായിഡു മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിയുമായി ചര്‍ച്ച ചെയ്‌തുവെന്നാണ് വിവരം.
"രാഷ്‌ട്രീയത്തിലേക്ക് എത്തുന്ന യുവാക്കള്‍ക്ക് വലിയ പ്രചോദനമാണ് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിയെന്നായിരുന്നു കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം അമ്പാട്ടി റായിഡു പ്രതികരിച്ചത്. സംസ്ഥാനത്തിന്‍റെ ഒരു മേഖലയിൽ കേന്ദ്രീകരിക്കാതെ എല്ലാ മേഖലകളിലും വികസനത്തിന് അദ്ദേഹം നേതൃത്വം നൽകുന്നുവെന്നുമായിരുന്നു റായിഡു പറഞ്ഞത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ കഴിഞ്ഞ സീസണിന് ശേഷം രാഷ്‌ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട സൂചന റായിഡു നല്‍കിയിരുന്നു.
അടുത്ത തെരഞ്ഞെടുപ്പിൽ റായിഡുവിനെ മത്സരിപ്പിക്കാൻ ജഗൻമോഹന് താത്‌പര്യമുണ്ടെങ്കിലും 37-കാരനായ താരത്തിന് നിയമസഭയിലേക്കാണോ, അതോ ലോക് സഭയിലേക്കാണോ സീറ്റ് നല്‍കേണ്ടതെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനം ആയിട്ടില്ലെന്നാണ് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. നിയമസഭയിലേക്കാണ് അമ്പാട്ടി റായിഡു മത്സരിക്കുന്നതെങ്കില്‍ പൊന്നൂരിലോ അല്ലെങ്കില്‍ ഗുണ്ടൂർ വെസ്റ്റിലോ താരത്തിന് സീറ്റ് നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ലോക്‌സഭ സീറ്റാണ് നല്‍കുന്നതെങ്കില്‍ മച്ചിലിപട്ടണമാവും താരത്തിന് ഏറ്റവും യോജിച്ചതെന്നാണ് വൈഎസ്ആര്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ കരുതുന്നത്.