കേരളം

kerala

ETV Bharat / sports

'ധോണിയിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചു, ഭാവിയിൽ രാഷ്‌ട്രീയത്തിൽ കണ്ടേക്കാം'; മനസ് തുറന്ന് അമ്പാട്ടി റായുഡു

ഐപിഎല്‍ തയ്യാറെടുപ്പിനായി ചെന്നൈ ക്യാമ്പിൽ പരിശീലനത്തിരക്കിലാണ് അമ്പാട്ടി റായുഡു. പരിശീലനത്തിനിടെയുള്ള ഇടവേളയിൽ ഇടിവി ഭാരതിന് നൽകിയ അഭിമുഖത്തിൽ നിന്ന്.

Ambati Rayudu Exclusive Interview  Ambati Rayudu  അമ്പാട്ടി റായുഡു  റായുഡു  ഐപിഎൽ  ഐപിഎൽ 2023  IPL 2023  Indian Premier League 2023  ഇന്ത്യൻ പ്രീമിയർ ലീഗ്  ചെന്നൈ സൂപ്പർ കിങ്‌സ്  മുംബൈ ഇന്ത്യൻസ്  ചെന്നൈ  ധോണി  അമ്പാട്ടി റായ്‌ഡു ഇന്‍റർവ്യൂ  Ambati Rayudu Interview  മനസ് തുറന്ന് അമ്പാട്ടി റായുഡു
അമ്പാട്ടി റായുഡു

By

Published : Mar 29, 2023, 5:09 PM IST

ക്രിക്കറ്റ് പ്രേമികൾക്ക് യാതൊരു മുഖവുരയും ആവശ്യമില്ലാത്ത താരമാണ് അമ്പാട്ടി റായുഡു. ഇന്ത്യൻ ടീമിനായും ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിങ്‌സ് ടീമുകൾക്കായും മിന്നും പ്രകടനം കാഴ്‌ചവെച്ച താരമാണ് റായുഡു. 2019ൽ ഇന്ത്യൻ ടീമിൽ നിന്ന് വിരമിച്ച റായുഡു 2022ൽ ഐപിഎല്ലിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ പിന്നീട് ഇത് പിൻവലിച്ച്‌ ഐപിഎല്ലിൽ തുടരാൻ താരം തീരുമാനിക്കുകയായിരുന്നു.

അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയുടെ ക്യാപ്റ്റനായതോടെയാണ് അമ്പാട്ടി റായുഡു ക്രിക്കറ്റ് ലോകത്ത് ശ്രദ്ധിക്കപ്പെട്ട് തുടങ്ങുന്നത്. പിന്നീട് ഇന്ത്യൻ സീനിയർ ടീമിന്‍റെ ഭാഗമായങ്കിലും വേണ്ട വിധത്തിലുള്ള അവസരങ്ങൾ താരത്തെ തേടിയെത്തിയിരുന്നില്ല. തുടർന്ന് 2010ലെ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്‍റെ ഭാഗമായതോടെണ് റായുഡുവിന്‍റെ കരിയർ ഗ്രാഫ് വീണ്ടും കുതിച്ചുയർന്നത്.

ഐപിഎല്ലിൽ ഏറ്റവുമധികം കിരിടം നേടിയ ടീമുകളുടെ ഭാഗമായ താരങ്ങളുടെ പട്ടികയിൽ മുൻപന്തിയിലാണ് അമ്പാട്ടി റായുഡു. മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിങ്സ് ടീമുകൾക്കൊപ്പം അഞ്ച് കിരീടങ്ങളാണ് റായുഡു സ്വന്തമാക്കിയത്. 2013, 2015, 2017 സീസണുകളിലായിരുന്നു മുംബൈക്കൊപ്പമുള്ള കിരീട നേട്ടം. 2018, 2021 സീസണുകളിൽ ചെന്നൈക്കൊപ്പവും കിരീട നേട്ടത്തിൽ പങ്കാളിയായി.

നിലവിൽ ചെന്നൈ സൂപ്പർ കിങ്‌സിന്‍റെ വിശ്വസ്‌തനായ ബാറ്ററാണ് 37 കാരനായ അമ്പാട്ടി റായുഡു. 2018ലെ ഐപിഎല്ലിൽ ചെന്നൈക്കായി 602 റണ്‍സാണ് റായുഡു അടിച്ചുകൂട്ടിയത്. ഇത്തവണത്തെ ഐപിഎല്ലിനുള്ള തയ്യാറെടുപ്പിനായി ചെന്നൈ ക്യാമ്പിൽ പരിശീലനത്തിരക്കിലാണ് താരം. ക്യാമ്പിൽ നിന്ന് ഇടിവി ഭാരതിനായി നൽകിയ അഭിമുഖത്തിൽ നിന്ന്.

  • ഐപിഎല്ലിനായുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായോ?

രണ്ടുമാസം മുമ്പാണ് ഫിറ്റ്‌നസ് ട്രെയിനിങും പരിശീലനവും ആരംഭിച്ചത്. ഈ മാസം മൂന്നിനാണ് പരിശീലന ക്യാമ്പ് ചെന്നൈയിൽ ആരംഭിച്ചത്. ക്യാപ്റ്റൻ ധോണിയടക്കം മുഴുവൻ ടീമും ക്യാമ്പിൽ പങ്കെടുത്തു. എല്ലാ ദിവസവും പരിശീലനം അതീവ തീവ്രതയോടെ നടന്നു. ഇപ്പോ ഫുൾ ഫിറ്റ്‌നസിലാണ്. ബാറ്റിങ്ങിലും നല്ല താളമുണ്ട്. ആത്മവിശ്വാസത്തോടെ കളത്തിലിറങ്ങാൻ തയ്യാറാണ്.

  • വർഷങ്ങൾക്ക് ശേഷമാണ് ചെന്നൈ സ്വന്തം മണ്ണിൽ കളിക്കുന്നത്. ആരാധകരുടെ സ്വീകരണം എങ്ങനെയായിരിക്കും?

എല്ലാ ഐപിഎൽ ടീമുകളേയും അപേക്ഷിച്ച് ചെന്നൈയുടെ ആരാധകവൃന്ദം വളരെ പ്രത്യേകതയുള്ളതാണ്. തിങ്കളാഴ്‌ച നടത്തിയ പരിശീലന മത്സരം കാണാൻ ആരാധകർക്കും അവസരം ഒരുക്കിയിരുന്നു. ആരാധകരെക്കൊണ്ട് മൂന്ന് സ്റ്റാൻഡുകളും നിറഞ്ഞിരുന്നു. ധോണി.. ധോണി.. വിളികളാൽ സ്റ്റേഡിയം പൊട്ടിത്തെറിച്ചു എന്ന് തന്നെ പറയാം.

ചെന്നൈയിൽ വീണ്ടും കളിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഇത്തവണ സ്റ്റേഡിയത്തിൽ മുഴുവനായും കാണികളെ പ്രവേശിപ്പിക്കും. അതിനാൽ തന്നെ എല്ലാ മത്സരങ്ങൾക്കും സ്റ്റേഡിയം നിറയുമെന്ന് ഉറപ്പാണ്.

  • ഇത് ധോണിയുടെ അവസാന സീസണാണെന്ന ഊഹാപോഹങ്ങളിലെ സത്യമെന്താണ്?

അത്തരം കാര്യങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല. ധോണി മികച്ച ഫോമിലാണ്. അദ്ദേഹം എല്ലാവരേക്കാളും ഫിറ്റാണ്. നെറ്റ്‌സിലും പരിശീലന മത്സരങ്ങളിലും മിന്നുന്ന ബാറ്റിങാണ് അദ്ദേഹം കാഴ്‌ചവെക്കുന്നത്. അദ്ദേഹം രണ്ട് സീസണുകൾ കൂടി കളിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

  • ഓൾറൗണ്ടർ ബെൻ സ്റ്റോക്‌സിന്‍റെ സാന്നിധ്യം ചെന്നൈയ്ക്ക് കരുത്തേകുമോ?

സ്റ്റോക്‌സിന്‍റെ സാന്നിധ്യം തീർച്ചയായും പോസിറ്റീവ് ആണ്. ഷെയ്ൻ വാട്‌സണിന് ശേഷം പേസ് ബൗളിങ് ഓൾറൗണ്ടർമാരുടെ കുറവ് ടീമിലുണ്ടായി. 2018 ലും 2021 ലും ചെന്നൈയുടെ വിജയങ്ങളിൽ വാട്‌സൺ പ്രധാന പങ്കുവഹിച്ചിരുന്നു. സാം കറൺ വന്നെങ്കിലും പരിക്കുമൂലം അദ്ദേഹം പുറത്തായി.

ഇനി ആ കുറവ് സ്റ്റോക്‌സിലൂടെ നികത്തും. രവീന്ദ്ര ജഡേജ, മൊയിൻ അലി എന്നിവർക്കൊപ്പം സ്റ്റോക്‌സും എത്തിയതോടെ മികച്ച ഓൾറൗണ്ടർമാരുടെ കേന്ദ്രമായി ചെന്നൈ മാറി. കൂടാതെ ശിവം ദുബെയുടെ സേവനങ്ങളും ടീമിന് ശക്‌തി നൽകും. ടീം കോമ്പോസിഷനിൽ ഓൾറൗണ്ടർമാർ വളരെ പ്രധാനമാണ്

  • ഐപിഎല്ലിൽ 5 ട്രോഫികൾ ലഭിച്ചു. മുംബൈ, ചെന്നൈ ടീമുകൾക്ക് വേണ്ടി കളിച്ചപ്പോഴുള്ള അനുഭവങ്ങൾ?

2010 മുതൽ ഐപിഎൽ യാത്ര തുടരുകയാണ്. ഓരോ തവണയും ടീമിനായി കളിക്കുക, എല്ലാ പൊസിഷനുകളിലും മൈതാനത്ത് എത്തുക, ഓരോ സീസണും വ്യത്യസ്‌തമായ വെല്ലുവിളിയാണ് നൽകുന്നത്. ഓരോ കാലങ്ങളിലും പുതിയ പുതിയ കാര്യങ്ങൾ കണ്ടുപിടിക്കുക, പുതിയ വെല്ലുവിളികൾക്ക് തയ്യാറാവുക. എല്ലാ സീസണിലും വലിയ സമ്മർദ്ദമാണുണ്ടാവുക. എന്നാൽ സമ്മർദത്തെ അതിജീവിച്ചാൽ മാത്രമേ നമ്മൾ വിജയിക്കുകയുള്ളൂ.

  • ധോണിയുടെ കീഴിലാണ് ഏറെക്കാലമായി കളിക്കുന്നത്. ക്യാപ്‌റ്റൻ കൂളിൽ നിന്ന് എന്തൊക്കെ പഠിക്കാൻ സാധിച്ചു?

ഒരുപാട് പഠിക്കാൻ കഴിഞ്ഞു. ശാന്തമായിരിക്കാൻ പഠിച്ചു. പ്രത്യേകിച്ച് സമ്മർദ്ദകരമായ സമയങ്ങളിൽ. ഭൂതകാലത്തേയും ഭാവിയേയും കുറിച്ച് അധികം ചിന്തിക്കാതെ ഇപ്പോഴത്തെ കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ശീലിച്ചു. കളിക്കളത്തിലും പുറത്തും ധോണിക്കൊപ്പം ചിലവഴിക്കുന്ന ഓരോ നിമിഷവും നമുക്കെല്ലാവർക്കും ഒരു പാഠമാണ്.

  • ഐപിഎല്ലിൽ എത്രകാലമുണ്ടാകും? ഭാവി പരിപാടികൾ എന്തൊക്കെ?

വരാനിരിക്കുന്ന സീസണിലാണ് ഇപ്പോൾ ഞാൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതിൽ വിജയിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. സീസൺ കഴിഞ്ഞാൽ ഭാവി തീരുമാനിക്കും. പണ്ട് മുതലേ എനിക്ക് സമൂഹ്യ സേവനം ഇഷ്‌ടമായിരുന്നു. സമൂഹത്തിനും ചുറ്റുമുള്ളവർക്കും വേണ്ടി പ്രവർത്തിക്കാൻ എനിക്ക് താൽപ്പര്യമുണ്ട്. ക്രിക്കറ്റ് വിട്ടാൽ ആളുകളുമായി അടുത്തിടപഴകാനും അവരോടൊപ്പമിരിക്കാനും ഞാൻ ആഗ്രഹിക്കുന്നു.

  • കായിക താരങ്ങൾ രാഷ്‌ട്രീയത്തിലേക്കെത്തുന്നത് ഇപ്പോൾ സാധാരണമാണ്. രാഷ്‌ട്രീയ മോഹമുണ്ടോ?

കൂടുതൽ ആളുകളെ സേവിക്കാൻ അവസരമുണ്ടെങ്കിൽ, ഞാൻ തീർച്ചയായും അത് പരിഗണിക്കും. കഴിയുന്നത്ര ആളുകൾക്ക് വേണ്ടി പ്രവർത്തിക്കാൻ ഞാൻ ലക്ഷ്യമിടുന്നു. പൂർണ പ്രതിബദ്ധതയോടും അർപ്പണബോധത്തോടും കൂടി പ്രവർത്തിക്കണം. സത്യസന്ധമായി സേവിക്കണം. യുവാക്കൾക്ക് പ്രചോദനമാകണം. അമ്പാട്ടി റായുഡു പറഞ്ഞു നിർത്തി.

ABOUT THE AUTHOR

...view details