മുംബൈ:ഐപിഎല്‍ (IPL) ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ടീമുകളാണ് ചെന്നൈ സൂപ്പര്‍ കിങ്‌സും (Chennai Super Kings) മുംബൈ ഇന്ത്യന്‍സും (Mumbai Indians). പ്രകടന മികവിലായാലും നേടിയ കിരീടങ്ങളുടെ എണ്ണത്തിലായാലും ഇന്ത്യയിലെ കുട്ടി ക്രിക്കറ്റ് പൂരത്തിലെ മറ്റ് ടീമുകളേക്കാള്‍ ഏറെ മുന്നില്‍ തന്നെയാണ് ഈ ടീമുകളുടെ സ്ഥാനവും. ആരാധക പിന്തുണയുടെ കാര്യത്തിലും ചെന്നൈ മുംബൈ ടീമുകള്‍ തന്നെയാണ് വമ്പന്‍മാര്‍.
ഇപ്പോള്‍, മറ്റൊരു ഐപിഎല്‍ താരലേലത്തിന് അരികില്‍ ക്രിക്കറ്റ് ലോകം നില്‍ക്കെ ചെന്നൈ സൂപ്പര്‍ കിങ്സ്, മുംബൈ ഇന്ത്യന്‍സ് ടീമുകള്‍ക്കൊപ്പം കളിക്കാന്‍ സാധിച്ചതിനെ കുറിച്ചുള്ള അനുഭവങ്ങള്‍ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് മുന്‍ താരം അമ്പാട്ടി റായിഡു (Ambati Rayudu Shared Experience About Playing With CSK and MI). മുംബൈ ഇന്ത്യന്‍സിലൂടെ ഐപിഎല്‍ ക്രിക്കറ്റിലേക്ക് അരങ്ങേറിയ അമ്പാട്ടി റായിഡു 2010-2017 വരെയുളള ഐപിഎല്‍ സീസണിലാണ് അവര്‍ക്കൊപ്പം കളിച്ചത്. 2018ലായിരുന്നു താരം ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് ചേക്കേറിയത്.
'ഇന്നിങ്സ് ഞാന്‍ ഓപ്പണ്‍ ചെയ്യാറുണ്ട്, ടീമിനായി മധ്യനിരയിലും ലോവര്‍ മിഡില്‍ ഓര്‍ഡറിലും എനിക്ക് ബാറ്റ് ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ എനിക്ക് വളരയേറെ അഭിമാനമുണ്ട്.
ഐപിഎല്ലില്‍ എട്ട് വര്‍ഷമാണ് ഞാന്‍ മുംബൈ ഇന്ത്യന്‍സിനായി കളിച്ചത്. മുംബൈയ്‌ക്കൊപ്പമായിരുന്നു എന്‍റെ യാത്ര തുടങ്ങിയത്. അത് മികച്ച യാത്ര തന്നെയായിരുന്നു. മുംബൈ ഇന്ത്യന്‍സിനൊപ്പം മൂന്ന് ഐപിഎല്‍ കിരീടങ്ങളും രണ്ട് ചാമ്പ്യന്‍സ് ലീഗ് ട്രോഫിയും നേടാന്‍ സാധിച്ചു.