കേപ്‌ടൗണ്‍ :വനിത ടി20 ലോകകപ്പിൽ ഓസ്‌ട്രേലിയക്കെതിരായ സെമി ഫൈനലിൽ ഇന്ത്യയെ തോൽവിയിലേക്ക് നയിച്ചതിൽ വഴിത്തിരിവായത് ഹൻമൻ പ്രീത് കൗറിന്‍റെ റണ്ണൗട്ട് ആയിരുന്നു. മത്സരത്തിൽ ഓസ്‌ട്രേലിയയുടെ 173 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ ഒരു ഘട്ടത്തിൽ വിജയം ഉറപ്പിച്ച് മുന്നേറുകയായിരുന്നു. എന്നാൽ ടീം സ്‌കോർ 133ൽ നിൽക്കെ ക്യാപ്‌റ്റൻ ഹർമൻപ്രീതിന്‍റെ അപ്രതീക്ഷിത റണ്‍ഔട്ട് ഇന്ത്യക്ക് ഇരുട്ടടിയായി.
മത്സരത്തിൽ തോറ്റതിന് പിന്നാലെ നിർഭാഗ്യകരം എന്നായിരുന്നു റണ്ണൗട്ടിനെക്കുറിച്ച് ഹർമൻ പ്രീതിന്‍റെ പ്രതികരണം. എന്നാൽ ഇപ്പോൾ ഹർമൻ പ്രീതിന്‍റെ ഈ അഭിപ്രായത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് താരത്തെ റണ്‍ഔട്ടാക്കിയ ഓസീസ് വിക്കറ്റ് കീപ്പർ അലിസ ഹീലി. ചില അവസരങ്ങളിൽ നിർഭാഗ്യത്തെ മാത്രം പഴിച്ചിട്ട് കാര്യമില്ലെന്നും വിജയത്തിലേക്കെത്താൻ ശരിയായ പരിശ്രമമാണ് ആവശ്യമെന്നുമാണ് ഹീലി പ്രതികരിച്ചിരിക്കുന്നത്.
'സത്യത്തിൽ ആ വിക്കറ്റ് വളരെ രസകരമായാണ് എനിക്ക് തോന്നിയത്. കൗറിനെ പുറത്താക്കിയതിന് മത്സര ശേഷം ബെലിൻഡ ക്ലാർക്ക് എനിക്ക് അഭിനന്ദന സന്ദേശമയച്ചിരുന്നു. സത്യത്തിൽ ആ ഔട്ട് വളരെ രസകരമായ ഒന്നായിരുന്നു. സാധാരണ സാഹചര്യത്തിൽ ഞാൻ ഇങ്ങനെ ബെയിലുകൾ തെറുപ്പിക്കാറില്ല. കാരണം അത് സമയം കളയുന്ന പരിപാടിയായാണ് എനിക്ക് തോന്നിയിട്ടുള്ളത്.
കൂടാതെ ഇളക്കിയ ബെയ്‌ൽ ഞാൻ തന്നെ എടുത്തുവയ്‌ക്കുകയും വേണം. അത് അരോചകമായാണ് എനിക്ക് തോന്നാറുള്ളത്. എന്നാൽ ആ അവസരത്തിൽ ബെയിൽസ് എടുക്കണമെന്ന് എനിക്ക് തോന്നി. അത് ഒരു വിചിത്ര നിമിഷമായിരുന്നു. ഞാൻ അമ്പയറിനോട് ഔട്ടിനായി വാദിച്ചു. അത് ഔട്ടാണെന്ന ഉറപ്പ് എനിക്ക് ഉണ്ടായിരുന്നു. അത് യാഥാർഥ്യമായി' - അലിസ ഹീലി പറഞ്ഞു.
'അത് നിർഭാഗ്യകരമാണെന്ന് ഹർമൻപ്രീതിന് പറയാം. പക്ഷേ ഒന്നുകൂടി പരിശ്രമിച്ചെങ്കിൽ ക്രീസ് മറികടക്കാമായിരുന്നു എന്ന് അവർ ദിവസാവസാനം ചിന്തിച്ചിട്ടുണ്ടാകും. ഒന്നുകൂടി ആത്മാർഥമായി പരിശ്രമിച്ചെങ്കിൽ രണ്ട് മീറ്റർ കൂടി അവൾക്ക് അനായാസം മറികടക്കാമായിരുന്നു' അലിസ ഹീലി കൂട്ടിച്ചേർത്തു.
വിമർശിച്ച് മുൻ താരങ്ങൾ : സെമിഫൈനലിൽ അശ്രദ്ധമായി പുറത്തായ താരത്തിനെതിരെ വലിയ വിമർശനങ്ങളാണ് ഉയർന്നത്. ഹർമൻപ്രീതിന്‍റെ റണ്‍ഔട്ടാണ് കളിയിൽ വഴിത്തിരിവായതെന്ന് മുൻ ഇന്ത്യൻ വനിത ടീം ക്യാപ്റ്റൻ ഡയാന എഡുൽജിക് അഭിപ്രായപ്പെട്ടിരുന്നു. 'ബാറ്റ് പിച്ചിൽ കുടുങ്ങിയതിനാൽ ഔട്ടായെന്നാണ് അവൾ കരുതുന്നത്. പക്ഷേ രണ്ടാമത്തെ റണ്‍സിനായി ഓടുന്നതിന് പകരം അവൾ ജോഗിങ് ചെയ്യുകയായിരുന്നുവെന്ന് മത്സരം കണ്ടവർക്ക് അറിയാം.
നിങ്ങളുടെ വിക്കറ്റ് എത്രത്തോളം പ്രാധാന്യമുള്ളതാണെന്ന് മനസിലാക്കിയിട്ടും എന്തിനാണ് ശാന്തമായി ഓടുന്നത്. വിജയിക്കണമെങ്കിൽ നിങ്ങൾ പ്രൊഫഷണൽ ക്രിക്കറ്റ് കളിക്കണം. ഹർമന്‍റെ ഷോട്ടിൽ രണ്ട് റണ്‍സ് സേവ് ചെയ്യാൻ പെറി നടത്തിയ ഡൈവ് നോക്കൂ. അതാണ് പ്രൊഫഷണലിസം' - ഡയാന എഡുൽജിക് പറഞ്ഞു.
പൊട്ടിക്കരഞ്ഞ് ഹർമൻ : മത്സരശേഷം പൊട്ടിക്കരഞ്ഞ ഹര്‍മനെ സഹതാരങ്ങള്‍ ചേര്‍ന്ന് ആശ്വസിപ്പിക്കുന്ന ദൃശ്യങ്ങൾ വൈറലായിരുന്നു. തുടര്‍ന്ന് നടന്ന പ്രസന്‍റേഷന്‍ ചടങ്ങില്‍ സ്‌പോർട്‌സ് സൺഗ്ലാസ് ധരിച്ചായിരുന്നു ഹര്‍മന്‍പ്രീത് കൗര്‍ എത്തിയത്. ഞാന്‍ കരയുന്നത് എന്‍റെ രാജ്യം കാണാതിരിക്കാനാണ് ഈ സൺഗ്ലാസ് ധരിച്ചിരിക്കുന്നത് എന്നായിരുന്നു ഇതിനെക്കുറിച്ചുള്ള താരത്തിന്‍റെ പ്രതികരണം.
ഏറ്റവും നിര്‍ഭാഗ്യകരമായ രീതിയിലാണ് പുറത്തായതെന്ന് പറഞ്ഞ താരം മത്സരം അവസാന പന്ത് വരെ എത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും പ്രതികരിച്ചിരുന്നു. മത്സരത്തിന്‍റെ അവസാന പന്തുവരെ പോരാടാൻ ആഗ്രഹിച്ചിരുന്നുവെന്നും തങ്ങൾ ശക്‌തമായി തിരിച്ചുവരുമെന്നും ഹർമൻപ്രീത് വ്യക്‌തമാക്കി.