ക്രൈസ്റ്റ് ചര്‍ച്ച് : അന്താരാഷ്‌ട്ര ക്രിക്കറ്റിലെ ‘തീ പാറുന്ന’ പന്തുകള്‍ക്ക് പേരുകേട്ട താരമാണ് ഓസീസ് പേസർ മിച്ചൽ സ്റ്റാർക്ക്. എന്നാല്‍ വെടിക്കെട്ട് ബാറ്റിങ്ങിലൂടെയാണ് താരത്തിന്‍റെ ഭാര്യ അലീസ ഹീലി പേരെടുത്തത്. വനിത ഏകദിന ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ ഹീലി കളം നിറയുമ്പോള്‍ സാക്ഷിയായി സ്റ്റാർക്കും ഗാലറിയിൽ ഉണ്ടായിരുന്നു.
ഹീലിയുടെ സെഞ്ചുറി നേട്ടത്തിന് പിന്നാലെ എഴുന്നേറ്റ് നിന്ന് പ്രോത്സാഹിപ്പിക്കുന്ന സ്റ്റാര്‍ക്കിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുകയാണ്. ഐസിസി ഔദ്യോഗിക ട്വിറ്റർ ഹാൻഡിലും ഈ വീഡിയോ പങ്കുവച്ചിട്ടുണ്ട്.
മത്സരത്തില്‍ 138 പന്ത് നേരിട്ട ഹീലി 26 ഫോറുകള്‍ സഹിതം 170 റണ്‍സാണ് അടിച്ച് കൂട്ടിയത്. ഇതോടെ വനിത ലോകകപ്പ് ഫൈനലിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറടക്കം നിരവധി റെക്കോഡുകളും താരം സ്വന്തം പേരില്‍ കുറിച്ചു. ഹീലിയടക്കമുള്ള താരങ്ങളുടെ മികവില്‍ 71 റണ്‍സിന് ഇംഗ്ലണ്ടിനെ കീഴടക്കാനും ഓസീസിനായി.
also read: LA LIGA | ഇരട്ട ഗോളുമായി ബെൻസെമ; വിജയവഴിയിൽ തിരിച്ചെത്തി റയൽ മാഡ്രിഡ്
ആദ്യം ബാറ്റ് ചെയ്‌ത ഓസീസ് അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 357 റണ്‍സിന്‍റെ വിജയ ലക്ഷ്യമാണ് ഇംഗ്ലണ്ടിന് മുന്നിലുയര്‍ത്തിയത്. എന്നാല്‍ ഇംഗ്ലണ്ടിന്‍റെ മറുപടി 43.4 ഓവറില്‍ 285 റണ്‍സില്‍ അവസാനിച്ചു. വനിത ലോകകപ്പില്‍ ഓസീസിന്‍റെ 7ാം കിരീടമാണിത്. നേരത്തെ 2013ലായിരുന്നു ഓസീസ് ലോകകപ്പില്‍ മുത്തമിട്ടത്.