ഹൈദരാബാദ്:ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ക്രിക്കറ്റിന്‍റെ 16ാം സീസണിന് വെള്ളിയാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ തുടക്കമാവുകയാണ്. കൊവിഡിനെ തുടര്‍ന്നുള്ള ഇടവേളയ്‌ക്ക് ശേഷം ടൂര്‍ണമെന്‍റ് പഴയ ഹോം-എവേ ഫോർമാറ്റ് തിരികെ വരുന്നു എന്ന പ്രത്യേകത കൂടി ഈ സീസണിനുണ്ട്. ഇതോടൊപ്പം 'ഇംപാക്റ്റ് പ്ലെയർ' പോലുള്ള ചില പുത്തന്‍ മാറ്റങ്ങളും ടൂര്‍ണമെന്‍റില്‍ വന്നിട്ടുണ്ട്. ഐപിഎല്ലിന്‍റെ ഈ സീസണില്‍ അവതരിക്കപ്പെട്ട പുതിയ നിയമങ്ങള്‍ അറിയാം.
ടോസിന് ശേഷം പ്ലെയിങ് ഇലവന്‍: ടോസിന് മുമ്പ് മാച്ച് റഫറിക്ക് ക്യാപ്‌റ്റന്മാര്‍ ടീം ഷീറ്റ് (പ്ലേയിങ് ഇലവന്‍) കൈമാറുന്ന രീതിയായിരുന്നു ഇതുവരെ ഐപിഎല്ലില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഈ സീസണില്‍ ഈ രീതിയ്‌ക്ക് മാറ്റം വന്നിട്ടുണ്ട്. പുതിയ നിയമപ്രകാരം ടോസിനെത്തുമ്പോള്‍ ക്യാപ്റ്റന്മാര്‍ക്ക് രണ്ട് ടീം ഷീറ്റ് കയ്യില്‍ കരുതാന്‍ കഴിയും. ടോസിന് ശേഷം, തങ്ങള്‍ക്ക് ബാറ്റിങ്ങാണോ ബോളിങ്ങാണോ ലഭിക്കുന്നത് എന്നതിനനുസരിച്ച് ഇതില്‍ നിന്നും അന്തിമ ഇലവനെ തെരഞ്ഞെടുക്കാം.
ഇംപാക്‌ട് പ്ലെയര്‍: 'ഇംപാക്‌ട് പ്ലെയര്‍' നിയമം അനുസരിച്ച് ടീമുകള്‍ക്ക് കളിയുടെ ഗതിക്ക് അനുസരിച്ച് ഒരു താരത്തെ മാറ്റി ഇറക്കാന്‍ സാധിക്കും. മത്സരത്തിന്‍റെ ഏത് സമയത്തും ഇത്തരത്തില്‍ ഒരു താരത്തെ മാറ്റിയിറക്കാന്‍ ടീമുകള്‍ക്ക് അനുമതിയുണ്ട്. ഓവര്‍ പൂര്‍ത്തിയാകുമ്പോഴോ അല്ലെങ്കില്‍ വിക്കറ്റ് വീഴുന്ന സമയത്തോ ആയിരിക്കണം ഇംപാക്‌ട് പ്ലെയറെ ഇറക്കേണ്ടത്.
ഇംപാക്‌ട് പ്ലെയര്‍ ആയി എത്തുന്ന കളിക്കാരന് ബോള്‍ ചെയ്യാനും ബാറ്റ് ചെയ്യാനും കഴിയും. എന്നാല്‍ ടീമിന്‍റെ ക്യാപ്റ്റന്‍സി കൈകാര്യം ചെയ്യാന്‍ വിലക്കുണ്ട്. മത്സരത്തിന്‍റെ ടോസിന്‍റെ സമയത്ത് പകരക്കാരനായി ഇറക്കാന്‍ ഉദേശിക്കുന്ന നാല് താരങ്ങളുടെ പേരുകള്‍ ക്യാപ്റ്റന്മാര്‍ മാച്ച് റഫറിക്ക് കൈമാറേണ്ടതുണ്ട്.
ഇതില്‍ നിന്ന് മാത്രമാവും ഇംപാക്‌ട് പ്ലെയറെ കളിപ്പിക്കാന്‍ സാധിക്കുക. കഴിഞ്ഞ സയ്യിദ് മുഷ്‌താഖ് അലി ട്രോഫിയില്‍ പരീക്ഷിച്ച ശേഷമാണ് ബിസിസിഐ ഐപിഎല്ലില്‍ ഈ നിയമം നടപ്പിലാക്കുന്നത്. എന്നാല്‍ സയ്യിദ് മുഷ്‌താഖ് അലി ട്രോഫി ടൂര്‍ണമെന്‍റില്‍ നിന്നും ചില മാറ്റങ്ങളോടെയാണ് 'ഇംപാക്‌ട് പ്ലെയര്‍' നിയമം ഐപിഎല്ലിലേക്ക് എത്തുന്നത്.