കേരളം

kerala

ETV Bharat / sports

ലാറയാണ് സച്ചിനേക്കാള്‍ മികച്ചതെന്നാണ് അവര്‍ വിശ്വസിക്കുന്നത്, അസംബന്ധം എന്നല്ലാതെ എന്ത് പറയാന്‍ : അലി ബാച്ചർ - സച്ചിന്‍ ടെണ്ടുല്‍ക്കര്‍

Ali Bacher on Sachin Tendulkar: സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മഹാനായ താരമെന്ന് ദക്ഷിണാഫ്രിക്കയുടെ മുന്‍ ക്യാപ്റ്റൻ അലി ബാച്ചർ.

Sachin Tendulkar  Brian Lara  സച്ചിന്‍ ടെണ്ടുല്‍ക്കര്‍  ബ്രയാന്‍ ലാറ
Former South Africa Captain Ali Bacher on Sachin Tendulkar and Brian Lara

By ETV Bharat Kerala Team

Published : Jan 1, 2024, 2:15 PM IST

കേപ്‌ടൗണ്‍ :ക്രിക്കറ്റ് ലോകത്തെ ഇതിഹാസങ്ങളാണ് ഇന്ത്യയുടെ സച്ചിന്‍ ടെണ്ടുല്‍ക്കറും വെസ്റ്റ് ഇന്‍ഡീസിന്‍റെ ബ്രയാന്‍ ലാറയും. 1989-ല്‍ തന്‍റെ 16-ാം വയസിലാണ് സച്ചിന്‍ അന്താരാഷ്‌ട്ര അരങ്ങേറ്റം നടത്തുന്നത്. തുടര്‍ന്ന് 24 വര്‍ഷങ്ങള്‍ക്ക് ശേഷം 2013-ലാണ് താരം അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നത്.

സച്ചിന്‍റെ അരങ്ങേറ്റത്തിന് ഒരു വര്‍ഷത്തിന് ശേഷമാണ് ലാറ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ വരവറിയിക്കുന്നത്. 2007-ല്‍ വിരമിക്കല്‍ പ്രഖ്യാപിക്കുകയും ചെയ്‌തു. തങ്ങളുടെ ടീമുകള്‍ക്കായുള്ള റണ്‍വേട്ടയിലൂടെ ഇരുവരും അടിച്ചെടുത്ത നേട്ടങ്ങള്‍ നിരവധിയാണ്. ഇതിനിടെ ഇവരില്‍ ആരാണ് മികച്ച താരമെന്ന ചര്‍ച്ചകള്‍ ഏറെ അരങ്ങ് തകര്‍ക്കുകയും ചെയ്‌തിരുന്നു.

ഇരു താരങ്ങളും കളിക്കളം വിട്ട് വര്‍ഷങ്ങളായിട്ടും ഈ ചര്‍ച്ചകള്‍ക്ക് ഇനിയും അറുതി ആയിട്ടില്ല. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ദക്ഷിണാഫ്രിക്കയുടെ മുന്‍ ക്യാപ്റ്റൻ അലി ബാച്ചർ. ലാറയേക്കാൾ മികച്ച കളിക്കാരനായിരുന്നു സച്ചിനെന്നാണ് ദക്ഷിണാഫ്രിക്കയ്‌ക്കായി 12 ടെസ്റ്റ് മത്സരങ്ങൾ കളിച്ച ബാച്ചര്‍ പറയുന്നത്.(Ali Bacher on Sachin Tendulkar and Brian Lara)

സച്ചിന്‍റെ ബാറ്റിങ്ങിനേയും വ്യക്തിത്വത്തെയും 81-കാരന്‍ ഏറെ പ്രശംസിക്കുകയും ചെയ്‌തു. "സച്ചിന്‍ ഏറെ വ്യത്യസ്‌തനായിരുന്നു. മറ്റൊരു ഗ്രഹത്തില്‍ നിന്നുള്ള ആളെന്ന് പറയാം. അദ്ദേഹത്തിന്‍റെ നിരവധി മികച്ച ഇന്നിങ്‌സുകൾ ഞാൻ കണ്ടിട്ടുണ്ട്, പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം ഇതെല്ലാം അദ്ദേഹം ഒരു വ്യക്തി എന്ന നിലയിൽ എങ്ങനെയാണെന്നതിനെക്കുറിച്ചാണ്.

കളിക്കളത്തില്‍ എപ്പോഴെങ്കിലും അദ്ദേഹം വഴക്കുണ്ടായിട്ടുണ്ടോ?. അങ്ങനെയുണ്ടാവുമെന്ന് ഞാന്‍ കരുതുന്നില്ല. അദ്ദേഹം മഹാനായിരുന്നു. നിങ്ങൾക്കറിയാമോ, ബ്രയാൻ ലാറയാണ് സച്ചിനേക്കാള്‍ മികച്ച താരമെന്നാണ് ഓസ്‌ട്രേലിയക്കാർ വിശ്വസിക്കുന്നത്.

അത് അസംബന്ധമാണ് എന്നാണ് എനിക്ക് പറയാനുള്ളത്. നാല് മില്യന്‍ ആളുകള്‍ക്ക് വേണ്ടിയാണ് ബ്രയാൻ ലാറ കളിച്ചത്. എന്നാല്‍ സച്ചിനോ, അദ്ദേഹം പ്രതിനിധീകരിച്ചത് 1.4 ബില്യന്‍ ജനങ്ങളെയാണ്. അതിലുള്ള സമ്മര്‍ദത്തെക്കുറിച്ച് നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുമോ ?"- അലി ബാച്ചർ ഒരു ഇന്ത്യന്‍ മാധ്യമത്തോട് പ്രതികരിച്ചു.

ALSO READ: കോലിയും രോഹിത്തുമില്ല, രണ്ട് ഇന്ത്യന്‍ താരങ്ങള്‍ മാത്രം; ഈ വര്‍ഷത്തെ ടെസ്റ്റ് ഇലവനെ തിരഞ്ഞെടുത്ത് ക്രിക്കറ്റ് ഓസ്‌ട്രേലിയ

അതേസമയം അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ്, ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ തുടങ്ങി സച്ചിന്‍റെ നിരവധിയായ റെക്കോഡുകള്‍ ഇന്നും തകര്‍ക്കപ്പെട്ടിട്ടില്ല. 463 ഏകദിനങ്ങളില്‍ നിന്നും 18,426 റണ്‍സും 200 ടെസ്റ്റുകളില്‍ നിന്നും 15,921 റണ്‍സും ഒരു ടി20 മത്സരത്തില്‍ നിന്ന് 10 റണ്‍സുമാണ് താരം തന്‍റെ അന്താരാഷ്‌ട്ര കരിയറില്‍ നേടിയിട്ടുള്ളത്.

ആകെ 100 സെഞ്ചുറികളാണ് സച്ചിന്‍റെ അക്കൗണ്ടിലുള്ളത്. ടെസ്റ്റില്‍ 51 സെഞ്ചുറികളും ഏകദിനത്തില്‍ 49 സെഞ്ചുറികളുമാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ നേടിയിട്ടുള്ളത്. ഏകദിനത്തില്‍ ഡബിള്‍ സെഞ്ചുറി നേടുന്ന ആദ്യ പുരുഷ താരം കൂടിയാണ് സച്ചിന്‍. 2010-ല്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെയായിരുന്നു സച്ചിന്‍ ഇരട്ട സെഞ്ചുറിയടിച്ചത്.

ABOUT THE AUTHOR

...view details