അജിങ്ക്യ രഹാനെഅവസാനമായി ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞ് കളത്തിലിറങ്ങിയത് 2022 ജനുവരിയിലാണ്. ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ മൂന്നാം ടെസ്റ്റ് മത്സരമായിരുന്നു ഇത്. ജനുവരി 11-14 തീയതികളിലായി കേപ്‌ടൗണിലായിരുന്നു മത്സരം.
കേപ്‌ടൗണില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ വിരാട് കോലി ആദ്യം ബാറ്റ് ചെയ്യാനാണ് തീരുമാനിച്ചത്. എന്നാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ അവിടെ ശുഭകരമായിരുന്നില്ല. ഓപ്പണര്‍മാരായ കെഎല്‍ രാഹുലും മായങ്ക് അഗര്‍വാളും അതിവേഗം മടങ്ങി.
വിരാട് കോലിയും ചേതേശ്വര്‍ പുജാരയും മാത്രം പ്രോട്ടീസ് പേസാക്രമണത്തെ ചെറുത്ത് നിന്നു. മധ്യനിരയില്‍ ടീമിന്‍റെ വിശ്വസ്‌തനായ രഹാനെയ്‌ക്ക് റണ്‍സ് അടിക്കാനായില്ല. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 223 റണ്‍സില്‍ അവസാനിച്ചു.
രണ്ടാം ഇന്നിങ്സിലും ഏറെക്കുറെ സമാനമായിരുന്നു കാര്യങ്ങള്‍. റിഷഭ് പന്തിന്‍റെ സെഞ്ച്വറി പ്രകടനം മാറ്റി നിര്‍ത്തിയാല്‍ മറ്റാര്‍ക്കും ഇന്ത്യന്‍ ടീമില്‍ തിളങ്ങാനായില്ല. മത്സരത്തില്‍ ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങിയെങ്കിലും ആതിഥേയരോട് ഏഴ് വിക്കറ്റിന് ഇന്ത്യക്ക് തോറ്റ് മടങ്ങേണ്ടി വന്നു.
ഈ മത്സരത്തില്‍ രണ്ട് ഇന്നിങ്‌സില്‍ നിന്നായി 10 റണ്‍സ് മാത്രമാണ് അജിങ്ക്യ രഹാനെയ്‌ക്ക് നേടാനായത്. പരമ്പരയില്‍ രഹാനെയ്‌ക്ക് പ്രതീക്ഷിച്ച പോലെ തിളങ്ങാനുമായിരുന്നില്ല. ജൊഹന്നാസ് ബര്‍ഗില്‍ നടന്ന രണ്ടാം ടെസ്റ്റിന്‍റെ ആദ്യ ഇന്നിങ്‌സില്‍ സംപൂജ്യനായി മടങ്ങിയ താരം രണ്ടാം ഇന്നിങ്‌സില്‍ 58 റണ്‍സ് നേടി.
സെഞ്ചൂറിയനില്‍ നടന്ന ആദ്യ ടെസ്റ്റിലെ രണ്ട് ഇന്നിങ്‌സില്‍ നിന്ന് 68 റണ്‍സായിരുന്നു രഹാനെയുടെ സമ്പാദ്യം. ഈ പരമ്പരയ്‌ക്കെത്തും മുന്‍പും അത്ര ഫോമിലായിരുന്നില്ല രഹാനെ. ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലും തിളങ്ങാതിരുന്നതോടെ താരത്തിന് ഇന്ത്യന്‍ ടീമില്‍ നിന്നും സ്ഥാനം നഷ്‌ടമായി.
പിന്നാലെ ശ്രീലങ്കയ്‌ക്കെതിരെ നടന്ന ടെസ്റ്റ് പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ രഹാനെയുടെ പേര് ടീമിനൊപ്പമുണ്ടായില്ല. അന്ന് ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായിരുന്ന ചേതന്‍ശര്‍മ്മ ഇങ്ങനെ പറഞ്ഞിരുന്നു, രഹാനെയുടെ മുന്നില്‍ ഇന്ത്യന്‍ ടീമിലേക്കുള്ള വാതില്‍ പൂര്‍ണമായും അടഞ്ഞിട്ടില്ല. ഭാവിയില്‍ അദ്ദേഹത്തിന് മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കാനായാല്‍ ഉറപ്പായും ടീമിലേക്ക് മടങ്ങിയെത്താം'.
ഇന്ത്യന്‍ താരങ്ങളുടെ സെന്‍ട്രല്‍ കോണ്‍ട്രാറ്റ് ലിസ്‌റ്റില്‍ ഗ്രേഡ് ബിയിലെ താരമായിരുന്നു രഹാനെ. എന്നാല്‍ അടുത്തിടെ ബിസിസിഐ പുറത്തുവിട്ട ടീം കോണ്‍ട്രാറ്റ് ലിസ്റ്റില്‍ രഹാനെയ്‌ക്ക് സ്ഥാനം പിടിക്കാനായിരുന്നില്ല. ഇതിന് പിന്നാലെ അജിങ്ക്യ രഹാനെയുടെ അന്താരാഷ്‌ട്ര ക്രിക്കറ്റ് കരിയര്‍ അവസാനിച്ചുവെന്ന് പലരും വിധിയെഴുതി.
എന്നാല്‍, ഈ പ്രവചനങ്ങള്‍ ആരംഭിക്കുന്നതിന് മുന്‍പ് തന്നെ രഹാനെ തന്‍റെ മടങ്ങി വരവിന് വേണ്ടിയുള്ള കഠിനപ്രയത്‌നങ്ങള്‍ ആരംഭിച്ചിരുന്നു. കഴിഞ്ഞ സെപ്‌റ്റംബറില്‍ പരിക്ക് ഭേദമായതിന് പിന്നാലെ താന്‍ എല്ലാം ആദ്യം മുതലേ തുടങ്ങാന്‍ പോകുന്നുവെന്ന പ്രഖ്യാപനം രഹാനെ നടത്തി. ഇതിന് പിന്നാലെ ആഭ്യന്തര ക്രിക്കറ്റിലൂടെ താരം വീണ്ടും കളിമൈതാനിയില്‍.
അജിങ്ക്യ രഹാനെ 2.0 :രഞ്‌ജി ട്രോഫിയില്‍ മുംബൈയുടെ കഴിഞ്ഞ സീസണിലെ ടോപ് സ്‌കോറര്‍ ആയതും രഹാനെ ആയിരുന്നു. ഒരു ഡബിള്‍ സെഞ്ച്വറി ഉള്‍പ്പടെ 634 റണ്‍സാണ് ജിങ്ക്‌സ് രഞ്ജി ട്രോഫിയില്‍ സ്‌കോര്‍ ചെയ്‌തത്.
ഇതിന് പിന്നാലെ ഐപിഎല്‍ എത്തിയപ്പോള്‍ ക്രിക്കറ്റ് ആരാധകര്‍ കണ്ടത് പുതിയ ഒരു രഹാനയെ ആയിരുന്നു. ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് രഹാനെ ഐപിഎല്‍ പതിനാറാം പതിപ്പില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്‍റെ വെടിക്കെട്ട് ബാറ്ററായി മാറി. സീസണിലെ ചെന്നൈയുടെ ആദ്യ രണ്ട് മത്സരങ്ങള്‍ കളിക്കാന്‍ രഹാനെയ്‌ക്ക് കഴിഞ്ഞില്ല.
മുംബൈ ഇന്ത്യന്‍സിനെതിരായ അവരുടെ മൂന്നാം മത്സരത്തില്‍ മൂന്നാമനായി ക്രീസിലെത്തിയ രഹാനെ വെടിക്കെട്ട് ബാറ്റിങ് നടത്തി എല്ലാവരെയും ഞെട്ടിച്ചു. മുംബൈക്കെതിരെ 27 പന്തില്‍ നിന്ന് 61 റണ്‍സാണ് രഹാനെ അടിച്ചുകൂട്ടിയത്. പിന്നീട് ചെന്നൈയുടെ അന്തിമ ഇലവനിലെ സ്ഥിര സാന്നിധ്യമായും രഹാനെ മാറി.
കൊല്‍ക്കത്തയ്‌ക്കെതിരായ അവസാന മത്സരത്തിലും വെടിക്കെട്ട് ബാറ്റിങ് വിരുന്നൊരുക്കാന്‍ രഹാനെയ്‌ക്കായി. ഈ കളിയില്‍ 29 പന്തില്‍ 71 റണ്‍സുമായി താരം പുറത്താകെത നിന്നു. ഐപിഎല്‍ സീസണില്‍ വെടിക്കെട്ട് ബാറ്റിങ് പ്രകടനം തുടരുന്നതിനിടെ അജിങ്ക്യ രഹാനെയ്‌ക്ക് മുന്നില്‍ ഇന്ത്യന്‍ ടീമിന്‍റെ വാതില്‍ വീണ്ടും തുറന്നു.
വലിയൊരു ദൗത്യത്തിന്‍റെ ഭാഗമാകാനാണ് രഹാനെയുടെ മടങ്ങിവരവ്. ജൂണില്‍ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കങ്കാരുപ്പടയെ നേരിടാന്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ രഹാനെയുമുണ്ടാകും ടീമിനൊപ്പം.
Also Read: രഹാനെയുടെ സര്‍പ്രൈസ് തിരിച്ചുവരവ്, സ്റ്റാര്‍ പേസര്‍ ഇല്ല ; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു