ന്യൂഡൽഹി : ടി20 ലോകകപ്പ് ടീമിന്‍റെ ഉപദേശകനായി മഹേന്ദ്ര സിങ് ധോണിയെ നിയമിച്ച തീരുമാനത്തെ ചോദ്യം ചെയ്‌ത് മുൻ ഇന്ത്യൻ താരം അജയ് ജഡേജ. ധോണിയെ ഉപദേശകനാക്കിയ നീക്കത്തിന് പിന്നിലെ ഉദ്ദേശം എന്താണെന്നും, പെട്ടെന്നൊരു രാത്രിയിൽ ഉപദേഷ്‌ടാവ് വേണമെന്ന് ബിസിസിഐക്ക് തോന്നിയത് എന്തുകൊണ്ടാണെന്നും അജയ് ജഡേജ ചോദിച്ചു.
ധോണിയെ ഉപദേഷ്‌ടാവായി നിയമിക്കാനുള്ള നീക്കത്തിന് പിന്നിലെന്താണെന്ന് കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഞാൻ ആലോചിക്കുകയാണ്. ധോണിയെക്കുറിച്ചോ, അദ്ദേഹത്തിന്‍റെ സാന്നിധ്യം കൊണ്ട് ടീമിന് എത്രമാത്രം ഉപകാരം ഉണ്ടാകും എന്നതിനെക്കുറിച്ചോ ഞാൻ പറയുന്നില്ല.
നായക സ്ഥാനം ഒഴിയുന്നതിനുമുൻപ് വിരാട് കോലിയെ ധോണി പാകപ്പെടുത്തി എടുത്തിട്ടുണ്ട്. നായകനായ ശേഷം കോലി ടീമിനെ വേറൊരു തലത്തിലെത്തിച്ചു. ടീമിനെ ഒന്നാം റാങ്കിലെത്തിച്ച പരിശീലകനാണ് രവി ശാസ്‌ത്രി. അതിനാല്‍ ഒരു ഉപദേഷ്‌ടാവ് വേണമെന്ന് ഒരു രാത്രികൊണ്ട് എങ്ങനെ ബിസിസിഐക്ക് തോന്നി. ഇക്കാര്യമാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്, അജയ് ജഡേജ പറഞ്ഞു.