ദുബായ്:വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പര 3-0ന് തൂത്തുവാരിയതിനു പിന്നാലെ ഐസിസി റാങ്കിങ്ങിലും നേട്ടമുണ്ടാക്കി ടീം ഇന്ത്യ. തിങ്കളാഴ്‌ച പുറത്തുവന്ന ടി20 അന്താരാഷ്ട്ര റാങ്കിംഗിൽ ഇന്ത്യ ഒന്നാം സ്ഥാനത്താണ്.
കഴിഞ്ഞ ആറു വര്‍ഷത്തിനിടെ ആദ്യമായാണ് ഇന്ത്യ ടി20 റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് എത്തുന്നത്. ധോണിക്ക് കീഴില്‍ 2016ലാണ് ഇന്ത്യ അവസാനമായി ഒന്നാം സ്ഥാനം നേടിയത്.
ഞായറാഴ്‌ച കൊൽക്കത്തയിൽ നടന്ന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ടി20യിൽ വെസ്റ്റ് ഇൻഡീസിനെതിരെ 17 റൺസിന്‍റെ വിജയിച്ചിരുന്നു. റാങ്കിംഗിൽ ഇംഗ്ലണ്ടിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്താൻ ഈ വിജയം ഇന്ത്യയെ സഹായിച്ചു. നിലവിലെ റാങ്കിംഗിൽ 39 അന്താരാഷ്ട്ര മത്സരങ്ങളിൽ ഇംഗ്ലണ്ടിനും ഇന്ത്യയ്ക്കും 269 റേറ്റിംഗ് ഉള്ളപ്പോൾ, ഇന്ത്യക്ക് ആകെ 10,484 പോയിന്‍റുണ്ട്, ഇംഗ്ലണ്ടിന് 10,474 പോയിന്‍റാണുള്ളത്.
പുതിയ റാങ്കിങ്ങ് പ്രകാരം, പാകിസ്ഥാൻ, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക എന്നിവർ യഥാക്രമം ആദ്യ അഞ്ചിൽ ഉൾപ്പെടുന്നു. നിലവിലെ ലോക ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ ശ്രീലങ്കയ്‌ക്കെതിരായ പരമ്പര വിജയത്തിന് ശേഷം ആറാം സ്ഥാനത്ത് തുടരുന്നു. വെസ്റ്റ് ഇൻഡീസ് ഏഴാം സ്ഥാനത്തും അഫ്‌ഗാനിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിങ്ങനെയാണ് ആദ്യ പത്തിലിടം നേടിയവർ.