ദുബായ് : ശ്രീലങ്കക്കെതിരായ പരമ്പര തൂത്തുവാരിയതിന് പിന്നാലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്‍റ് ടേബിളില്‍ ഇന്ത്യക്ക് മുന്നേറ്റം. പോയിന്‍റ് ടേബിളില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തിയ ഇന്ത്യ നാലാം സ്ഥാനത്തെത്തി.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗമായ നാല് പരമ്പരകളിലായി ഇതുവരെ 11 ടെസ്റ്റുകള്‍ കളിച്ച ഇന്ത്യ ആറെണ്ണം ജയിച്ചപ്പോള്‍ മൂന്നെണ്ണത്തിൽ പരാജയപ്പെട്ടു. രണ്ടെണ്ണം സമനിലയായി. 58.33 ആണ് ഇന്ത്യയുടെ വിജയശതമാനം. 77 പോയിന്‍റുണ്ടെങ്കിലും പരമ്പരകളിലെ വിജയശതമാനമാണ് ഫൈനലിലെത്തുന്നതിൽ നിര്‍ണായകമാകുക.
കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ മൂന്ന് പെനാല്‍റ്റി ഓവറുകള്‍ ലഭിച്ചതാണ് ഇന്ത്യക്ക് വിനയായത്. നിശ്ചിത സമയത്തിനകം എറിയാത്ത ഓരോ ഓവറിനും ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഒരു പോയിന്‍റ് കുറയ്ക്കുകയും മാച്ച് ഫീയുടെ 20 ശതമാനം പിഴ ചുമത്തുകയും ചെയ്യും.