കാബൂൾ: താലിബാൻ അഫ്‌ഗാനിസ്ഥാൻ പിടിച്ചടക്കിയ സാഹചര്യത്തിൽ അഫ്‌ഗാൻ ക്രിക്കറ്റിന്‍റെ ഭാവി അനിശ്ചിതത്വത്തിലാകും എന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ വരാനിരിക്കുന്ന ടി20 ലോകകപ്പിൽ അഫ്‌ഗാനിസ്ഥാൻ പങ്കെടുക്കുമെന്ന് ടീം മീഡിയ മാനേജർ ഹിക്‌മത് ഹസ്സൻ അറിയിച്ചു. രാജ്യത്തെ ക്രിക്കറ്റ് ടീമിന്‍റെ ഭാവിയെപ്പറ്റിയുള്ള ആശങ്കകൾ കനക്കുന്നതിനിടെയാണ് മീഡിയ മാനേജറുടെ പ്രതികരണം.
ടി20 ലോകകപ്പിനുള്ള ഒരുക്കങ്ങൾ നടക്കുന്നുണ്ട്. ലോകകപ്പിന് മുൻപായി വെസ്റ്റ് ഇൻഡീസും, ഓസ്‌ട്രേലിയയും ഉൾപ്പെട്ട ത്രിരാഷ്‌ട്ര പരമ്പരയിൽ പങ്കെടുക്കും. പാകിസ്ഥാൻ പരമ്പര മുൻ നിശ്ചയപ്രകാരം നടക്കുമെന്നും ഹസ്സൻ അറിയിച്ചു. കൂടാതെ ആഭ്യന്തര ടി-20 ടൂർണമെന്‍റ് സംഘടിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെന്നും അത് ടി-20 ലോകകപ്പിനു മുന്നോടിയായുള്ള തയ്യാറെടുപ്പുകളെ സഹായിക്കുമെന്നും ഹസൻ പറഞ്ഞു.