കാബൂള്‍:ഇന്ത്യയ്‌ക്ക് എതിരായ ടി20 പരമ്പരയ്‌ക്കുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ച് അഫ്‌ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. (India vs Afghanistan) ഇബ്രാഹിം സദ്രാന്‍ നേതൃത്വം നല്‍കുന്ന 19 അംഗ സ്‌ക്വാഡാണ് ഇന്ത്യയില്‍ കളിക്കാനെത്തുന്നത്. അഫ്ഗാനിസ്ഥാന്‍റെ സ്ഥിരം ടി20 ക്യാപ്റ്റൻ റാഷിദ് ഖാനും ടീമിലുണ്ട്.
എന്നാല്‍ മുതുകിലെ പരിക്കിന് അടുത്തിടെ നടത്തിയ ശസ്‌ത്രക്രിയയില്‍ നിന്നും സുഖം പ്രാപിച്ചുവരുന്ന താരം ഇന്ത്യയ്‌ക്ക് എതിരെ കളിച്ചേക്കില്ല. റാഷിദിന്‍റെ അഭാവത്തില്‍ യുഎഇയ്‌ക്ക് എതിരായ ടി20 പരമ്പരയില്‍ ഇബ്രാഹിന്‍ സദ്രാനായിരുന്നു ടീമിനെ നയിച്ചത്. മൂന്ന് മത്സര പരമ്പര 2-1ന് അഫ്‌ഗാന്‍ വിജയിക്കുകയും ചെയ്‌തിരുന്നു.
യുഎഇയ്ക്കെതിരായ പരമ്പരയില്‍ കളിക്കാതിരുന്ന മുജീബ് ഉർ റഹ്മാൻ സ്‌ക്വാഡിലേക്ക് തിരികെ എത്തിയിട്ടുണ്ട്. യുഎഇയ്‌ക്കെതിരെ റിസർവ് താരമായിരുന്ന ഇക്രാം അലിഖിൽ ബാക്കപ്പ് വിക്കറ്റ് കീപ്പറായി പ്രധാന ടീമിലേക്ക് എത്തിയിട്ടുണ്ട്. മൂന്ന് മത്സരങ്ങളാണ് ഇന്ത്യ- അഫ്‌ഗാനിസ്ഥാന്‍ ടി20 പരമ്പരയിലുള്ളത്.
ജൂണില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന് മുമ്പ് ഫോര്‍മാറ്റില്‍ ഇന്ത്യ കളിക്കുന്ന അവസാന പരമ്പരയാണിത്. ജനുവരി 11-ന് മൊഹാലിയിലാണ് പരമ്പരയ്‌ക്ക് തുടക്കമാവുന്നത്. തുടര്‍ന്ന് 14-ന് ഇന്‍ഡോറിലും 17-ന് ചെന്നൈയിലുമാണ് രണ്ടും മൂന്നും ടി20കള്‍ അരങ്ങേറുക (India vs Afghanistan T20Is).
ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള അഫ്‌ഗാനിസ്ഥാന്‍ ടീം:ഇബ്രാഹിം സദ്രാൻ (ക്യാപ്റ്റന്‍), റഹ്മാനുള്ള ഗുർബാസ് (വിക്കറ്റ് കീപ്പര്‍), ഇക്രാം അലിഖിൽ (വിക്കറ്റ് കീപ്പര്‍), ഹസ്രത്തുള്ള സസായി, റഹ്മത്ത് ഷാ, നജിബുള്ള സദ്രാൻ, മുഹമ്മദ് നബി, കരീം ജനത്, അഷ്‌മർ ജനാത്, അസ്മുള്ള ഒമർസായി, ഷറഫുദ്ദീൻ അഷ്‌റഫ്, മുജീബ് ഉർ റഹ്മാൻ, ഫസൽ ഹഖ് ഫാറൂഖി, ഫരീദ് അഹമ്മദ്, നവീൻ ഉൽ ഹഖ്, നൂർ അഹമ്മദ്, മുഹമ്മദ് സലീം, ഖായിസ് അഹമ്മദ്, ഗുൽബാദിൻ നയിബ്, റാഷിദ് ഖാൻ.(Afghanistan Squad for T20I Series against India).
ഏകദിന ലോകകപ്പിലെ മിന്നും പ്രകടനത്തിന് ശേഷം അഫ്‌ഗാന്‍ ഇന്ത്യന്‍ മണ്ണില്‍ കളിക്കുന്ന ആദ്യ പരമ്പരകൂടിയാണിത്. ലോകകപ്പിന്‍റെ ചരിത്രത്തില്‍ തന്നെ തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം നടത്തിയായിരുന്നു അഫ്‌ഗാന്‍ ഇന്ത്യയില്‍ നിന്നും മടങ്ങിയിരുന്നത്. ഒമ്പത് മത്സരങ്ങളില്‍ നാല് വിജയം നേടിയ ടീം പോയിന്‍റ് പട്ടികയില്‍ ആറാമതായിരുന്നു ഫിനിഷ് ചെയ്‌തത്. ഇതോടെ ചരിത്രത്തില്‍ ആദ്യയമായി ചാമ്പ്യന്‍സ് ട്രോഫി കളിക്കാനും ടീം യോഗ്യത നേടി.
ALSO READ: രോഹിത്തിനെ വേണം, ഹാര്‍ദിക് ക്യാപ്റ്റനെന്ന് ആരു പറഞ്ഞു; ടി20 ലോകകപ്പ് പോസ്റ്ററില്‍ വിവാദം
അതേസമയം ഇന്ത്യന്‍ ടീമിന്‍റെ പ്രഖ്യാപനം ഉടന്‍ തന്നെയുണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ടീമിലേക്ക് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോലിയും മടങ്ങിയെത്തിയേക്കും. ഫോര്‍മാര്‍മാറ്റില്‍ കളിക്കാന്‍ തയ്യാറാണെന്ന് നേരത്തെ തന്നെ ഇരുവരും ബിസിസിഐയെ അറിയിച്ചിട്ടുണ്ട്. 2022-ലെ ടി20 ലോകകപ്പിന് ശേഷം വെറ്ററന്‍ താരങ്ങള്‍ ഇന്ത്യയ്‌ക്കായി ടി20 കളിച്ചിട്ടില്ല.