പൂനെ: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) സ്വപ്‌നക്കുതിപ്പ് തുടരുകയാണ് അഫ്‌ഗാനിസ്ഥാന്‍ (Afghanistan). ഇംഗ്ലണ്ട് (England), പാകിസ്ഥാന്‍ (Pakistan), ശ്രീലങ്ക (Sri Lanka) എന്നീ മുന്‍ ലോക ചാമ്പ്യന്മാര്‍ക്കെതിരെയാണ് അഫ്‌ഗാന്‍ ഈ ലോകകപ്പില്‍ ജയം നേടിയത്. ശ്രീലങ്കയ്‌ക്കെതിരായ ജയത്തോടെ ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായി രണ്ട് തുടര്‍ജയങ്ങള്‍ സ്വന്തമാക്കാനും അവര്‍ക്ക് സാധിച്ചിട്ടുണ്ട്.
പൂനെയിലെ മഹാരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മുന്‍ ലോക ചാമ്പ്യന്മാരയ ശ്രീലങ്കയെ ഏഴ് വിക്കറ്റിനാണ് അഫ്‌ഗാനിസ്ഥാന്‍ തകര്‍ത്തത് (Afghanistan vs Sri Lanka Match Result). ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ലങ്കയെ 241 റണ്‍സില്‍ എറിഞ്ഞിട്ട അഫ്‌ഗാനിസ്ഥാന്‍ 45.2 ഓവറില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.
അതേസമയം, വ്യക്തമായ പ്ലാനിങ്ങോടെയാണ് മത്സരത്തില്‍ അഫ്‌ഗാനിസ്ഥാന്‍റെ ബാറ്റിങ്. ഇത് വ്യക്തമാക്കുന്ന അവരുടെ ഡ്രസിങ് റൂമില്‍ നിന്നുമുള്ള ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ് (Afghanistan Chasing Strategy Against Sri Lanka).
ക്യാമറക്കണ്ണുകളില്‍ പതിഞ്ഞ അഫ്‌ഗാനിസ്ഥാന്‍റെ കണക്ക് കൂട്ടലുകളില്‍ ആദ്യ പത്തോവറില്‍ ടീം 50 റണ്‍സും 20 ഓവറില്‍ 100 റണ്‍സും സ്കോര്‍ ചെയ്യണമെന്നായിരുന്നു ഉണ്ടായിരുന്നത്. ഡ്രസിങ് റൂമിലുണ്ടായിരുന്ന വൈറ്റ് ബോര്‍ഡില്‍ 30 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ടീം സ്കോര്‍ 150ലേക്ക് എത്തണമെന്നും 48-ാം ഓവറില്‍ ജയം നേടണമെന്നുള്ളതുമായിരുന്നു അവരുടെ പ്ലാന്‍.