കാബൂള്‍: പാകിസ്ഥാനെതിരായ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീം പരിശീലനം പുനഃരാരംഭിച്ചു. രാജ്യത്ത് താലിബാന്‍ ഭരണം പിടിച്ചതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന അശാന്തികള്‍ക്കിടെയാണ് സംഘം കാബൂളില്‍ പരിശീലനം ആരംഭിച്ചത്.
താലിബാന്‍ ഭരണകൂടം രാജ്യത്ത് ക്രിക്കറ്റിന് വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്നും വിമാനയാത്ര പുനഃരാരംഭിച്ചാല്‍ ടീം പരമ്പരയ്ക്കായി പുറപ്പെടുമെന്നും അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് മേധാവി ഹമീദ് ഷിന്‍വാരി വ്യക്തമാക്കി.
സെപ്റ്റംബര്‍ മൂന്ന് മുതലാണ് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ശ്രീലങ്കയില്‍ നിശ്ചയിച്ചിരിക്കുന്നത്. മത്സരങ്ങള്‍ക്കായി അഫ്ഗാന്‍ ടീം തയ്യാറെടുപ്പുകള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും രാജ്യത്തെ വ്യോമ ഗതാഗതം താറുമാറായതോടെ പരമ്പര സംശയത്തിന്‍റെ നിഴലിലാണ്.