മുംബൈ:ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) സ്വപ്‌നക്കുതിപ്പ് നടത്തുന്ന അഫ്‌ഗാനിസ്ഥാന്‍ ടീമിന് ഇരട്ടിമധുരമായി ചാമ്പ്യന്‍സ് ട്രോഫി യോഗ്യതയും (Afghanistan Qualified For Champions Trophy 2025). ലോകകപ്പിലെ അവസാന മത്സരത്തില്‍ ബംഗ്ലാദേശ് ശ്രീലങ്കയെ (Bangladesh vs Sri Lanka) പരാജയപ്പെടുത്തിയതോടെയാണ് അഫ്‌ഗാനിസ്ഥാന് 2025ല്‍ പാകിസ്ഥാന്‍ വേദിയാകുന്ന ചാമ്പ്യന്‍സ് ട്രോഫിയ്‌ക്ക് യോഗ്യത ഉറപ്പായത്.
ക്രിക്കറ്റ് ലോകകപ്പില്‍ നിലവില്‍ പോയിന്‍റ് പട്ടികയിലെ ആറാം സ്ഥാനക്കാരാണ് അഫ്‌ഗാനിസ്ഥാന്‍. ആതിഥേയരായ പാകിസ്ഥാനും ലോകകപ്പ് പോയിന്‍റ് പട്ടികയിലെ ആദ്യ ഏഴ് സ്ഥാനക്കാരുമാണ് ചാമ്പ്യന്‍സ് ട്രോഫിയില്‍ മത്സരിക്കുന്നത്. നിലവില്‍ ചാമ്പ്യന്‍സ് ട്രോഫി യോഗ്യത ഉറപ്പിക്കുന്ന അഞ്ചാമത്തെ ടീമാണ് അഫ്‌ഗാനിസ്ഥാന്‍.
ക്രിക്കറ്റ് ലോകത്തെ ഒന്നടങ്കം ഞെട്ടിച്ച പ്രകടനങ്ങളാണ് ഇക്കുറി ഏകദിന ലോകകപ്പില്‍ അഫ്‌ഗാനിസ്ഥാന്‍ പുറത്തെടുത്തത്. ലോകകപ്പിന്‍റെ അവസാന രണ്ട് എഡിഷനുകളില്‍ നിന്നായി ആകെ ഒരു ജയം മാത്രമായിരുന്നു അഫ്‌ഗാന് നേടാന്‍ സാധിച്ചത്. എന്നാല്‍, ഇപ്രാവശ്യം ലോകകപ്പിലെ ആദ്യ ഏഴ് മത്സരങ്ങളില്‍ നിന്നും നാല് ജയമാണ് അവര്‍ നേടിയത്.
പതിവുപോലെ തുടര്‍ തോല്‍വികളോടെയാണ് അഫ്‌ഗാന്‍ ഇപ്രാവശ്യവും ലോകകപ്പ് യാത്ര തുടങ്ങിയത്. എന്നാല്‍, മൂന്നാം മത്സരത്തില്‍ ലോകചാമ്പ്യന്മാരയ ഇംഗ്ലണ്ടിനെ വീഴ്‌ത്തിയാണ് അഫ്‌ഗാന്‍ ലോകകപ്പിലെ ആദ്യ ജയം സ്വന്തമാക്കിയത്. ഡല്‍ഹിയിലെ അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 69 റണ്‍സിനായിരുന്നു അഫ്‌ഗാന്‍റെ ജയം (Afghanistan vs England).