കഴിഞ്ഞ കുറേയേറെ വര്‍ഷങ്ങളായി അഫ്‌ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീം അറിയപ്പെട്ടിരുന്നത് റാഷിദ് ഖാന്‍ (Rashid Khan) എന്ന ഒറ്റപ്പേരിലായിരുന്നു. രാജ്യാന്തര മത്സരങ്ങളിലും ഫ്രാഞ്ചൈസി ക്രിക്കറ്റിലും 25കാരനായ താരം ചുരുങ്ങിയ കാലം കൊണ്ട് സ്വന്തമാക്കിയ നേട്ടങ്ങളായിരുന്നു ഇതിന് പിന്നില്‍. ഈ ലോകകപ്പിലും (Cricket World Cup 2023) അഫ്‌ഗാന്‍റെ കുതിപ്പ് റാഷിദിന്‍റെ ചുമലില്‍ ആയിരിക്കുമെന്ന് പല ക്രിക്കറ്റ് പണ്ഡിതരും വിധിയെഴുതി. ലോകമെമ്പാടുമുള്ള കളിയാസ്വാദകരും അത് തന്നെയാണ് പ്രതീക്ഷിച്ചിരുന്നത്.
എന്നാല്‍, റാഷിദ് ഖാന്‍ മാത്രമല്ല അഫ്‌ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീം എന്ന് തെളിയിക്കുന്ന പ്രകടനങ്ങളാണ് ടീമിലെ ഓരോ താരങ്ങളും ലോകകപ്പില്‍ നടത്തിയത്. പരിശീലകന്‍ ജൊനാഥന്‍ ട്രോട്ടിന്‍റെയും ഉപദേശകന്‍ അജയ് ജഡേജയുടെയും തന്ത്രങ്ങള്‍ നടപ്പിലാക്കാന്‍ അഫ്‌ഗാന്‍ താരങ്ങള്‍ കച്ചകെട്ടിയിറങ്ങിയപ്പോള്‍ പിറന്നത് പുതിയ ചരിത്രം കൂടിയാണ്.
ലോകകപ്പിലെ അഫ്‌ഗാനിസ്ഥാന്‍റെ സ്വപ്‌നക്കുതിപ്പിന് ചുക്കാന്‍ പിടിച്ചത് അവരുടെ ബാറ്റിങ് യൂണിറ്റിന്‍റെ പ്രകടനമാണെന്ന് നിസംശയം പറയാം. ബാറ്റിങ് നിരയില്‍ പേരുകേട്ട താരനിരയൊന്നുമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പലരും അഫ്‌ഗാനെ എഴുതി തള്ളിയത്. ലോകോത്തര സ്‌പിന്നര്‍മാരുടെ പ്രകടനങ്ങള്‍ മാത്രമായിരിക്കും ലോകകപ്പില്‍ അവര്‍ക്ക് കരുത്താകുന്നതെന്ന് പലരും ചൂണ്ടിക്കാട്ടി. എന്നാല്‍, അഫ്‌ഗാന്‍ താരങ്ങള്‍ തങ്ങളുടെ ബാറ്റിങ് മികവ് കൊണ്ടാണ് ഇതിന് മറുപടി നല്‍കിയത്.
ഇബ്രാഹിം സദ്രാന്‍ (376), അസ്‌മത്തുള്ള ഒമര്‍സായി (353), റഹ്മത്ത് ഷാ (320), ഹഷ്‌മത്തുള്ള ഷാഹിദി (310), റഹ്മാനുള്ള ഗുര്‍ബാസ് (280) എന്നീ പ്രധാന ബാറ്റര്‍മാരെല്ലാം അവര്‍ക്കായി റണ്‍സ് അടിച്ചുകൂട്ടി. 98.93 പ്രഹരശേഷിയില്‍ ബാറ്റ് വീശി റൺസ് കണ്ടെത്തി ടീമിന് തകര്‍പ്പന്‍ തുടക്കം നല്‍കിയ 21കാരനായ ഗുര്‍ബാസിന്‍റെ പ്രകടനങ്ങളാണ് ആദ്യ മത്സരങ്ങളില്‍ ടീമിന്‍റെ സ്കോറിങ്ങിന് അടിത്തറ പാകിയത്.