കാബൂള്‍: ക്രിക്കറ്റ് താരങ്ങള്‍ രാജ്യത്തിനും ഫ്രാഞ്ചൈസികള്‍ക്കായും കളിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി ചര്‍ച്ചകള്‍ നടക്കാറുണ്ട്. രാജ്യത്തിനാണോ അല്ലെങ്കില്‍ ഫ്രാഞ്ചൈസി ക്രിക്കറ്റിനാണോ താരങ്ങള്‍ മുന്‍ഗണ നല്‍കേണ്ടതെന്നാണ് ഇതിലെ പ്രധാന ചര്‍ച്ചാ വിഷയം. ഇപ്പോഴിതാ ഇത്തരം ചര്‍ച്ചകളെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്ന കാര്യമാണ് അഫ്‌ഗാനിസ്ഥാന്‍ ക്രിക്കറ്റില്‍ (Afghanistan Cricket team) സംഭവിച്ചിരിക്കുന്നത്.
ഫ്രാഞ്ചൈസി ക്രിക്കറ്റ് കളിക്കുന്നതിനായി വാര്‍ഷിക കരാര്‍ പുതുക്കാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ച മൂന്ന് താരങ്ങളെ വിലക്കിയിരിക്കുകയാണ് അഫ്‌ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. (Afghanistan Cricket Board sanctions Mujeeb Ur Rahman Fazal Haq Farooqi Naveen Ul Haq). ടീമിന്‍റെ പ്രധാന താരങ്ങളായ നവീൻ ഉള്‍ ഹഖ്, ഫസല്‍ ഹഖ് ഫാറൂഖി, മുജീബ് ഉര്‍ റഹ്മാൻ എന്നിവര്‍ക്കെതിരെയാണ് അഫ്‌ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് കടുത്ത നടപടി എടുത്തിരിക്കുന്നത്. ഇവര്‍ക്ക് വിദേശ ലീഗുകളില്‍ കളിക്കാൻ നേരത്തെ നല്‍കിയിരുന്ന നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) അഫ്‌ഗാനിസ്ഥാന്‍ ബോര്‍ഡ് റദ്ദാക്കിയിട്ടുണ്ട്.
അടുത്ത രണ്ട് വര്‍ഷത്തേക്ക് മൂന്ന് താരങ്ങള്‍ക്കും എൻഒസി നല്‍കേണ്ടെന്നാണ് ബോര്‍ഡിന്‍റെ നിലവിലെ തീരുമാനം. ഇതോടെ ഇന്ത്യൻ പ്രീമിയർ ലീഗ് അടക്കമുള്ള വിദേശ ലീഗുകളില്‍ ഇവര്‍ക്ക് കളിക്കാന്‍ കഴിയില്ല. അച്ചടക്ക നടപടി ആയാണ് മൂന്ന് പേരെയും അഫ്‌ഗാന്‍ ബോര്‍ഡ് വിലക്കിയിരിക്കുന്നത്. 2024 ജനുവരി മുതല്‍ക്ക് ആരംഭിക്കുന്ന വാര്‍ഷിക കരാറില്‍ നിന്നും ഒഴിവാക്കണമെന്ന് ഔദ്യോഗികമായി തന്നെ മൂന്ന് പേരും ബോര്‍ഡിനെ അറിയിച്ചിരുന്നു.
വിദേശ ലീഗുകളില്‍ കളിക്കുന്നതിന് വേണ്ടിയാണിത്. അതിനാല്‍ തന്നെ അടുത്ത ഒരു വര്‍ഷത്തേക്ക് ബോര്‍ഡുമായുള്ള വാര്‍ഷിക കരാറിന് മൂന്ന് പേര്‍ക്കും യോഗ്യതയില്ലെന്നും അഫ്‌ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. ബോര്‍ഡിന്‍റെ അടിസ്ഥാന മൂല്യങ്ങൾക്കും തത്വങ്ങൾക്കും അനുസൃതമായി ദേശീയ താല്‍പര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് കളിക്കാര്‍ക്ക് എതിരെ നടപടി.