മുംബൈ : ഐപിഎല്‍ സ്പോണ്‍സര്‍ഷിപ്പ് (IPL Sponsorship) സ്വന്തമാക്കാന്‍ ആദിത്യ ബിര്‍ള ഗ്രൂപ്പ് (Aditya Birla Group) ശ്രമം നടത്തുന്നതായി റിപ്പോര്‍ട്ട്. പ്രതിവര്‍ഷം 500 കോടി എന്ന നിരക്കില്‍ അഞ്ച് വര്‍ഷത്തെ സ്‌പോണ്‍സര്‍ഷിപ്പിനായി 2500 കോടി മുടക്കാന്‍ ബിര്‍ള ഗ്രൂപ്പ് തയ്യാറാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 2024 മുതല്‍ 2028 വരെയുള്ള ഐപിഎല്ലിന്‍റെ സ്‌പോണ്‍സര്‍ഷിപ്പ് സ്വന്തമാക്കാനാണ് ആദിത്യ ബിര്‍ള ഗ്രൂപ്പിന്‍റെ ശ്രമം എന്നാണ് റിപ്പോര്‍ട്ടുകളെങ്കിലും ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം നടത്താന്‍ അവര്‍ തയ്യാറായിട്ടില്ല.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ് സ്വന്തമാക്കാന്‍ വേണ്ട കരുതല്‍ തുക (Reserve Price For IPL Title Sponsorship) 350 കോടിയാണ്. അഞ്ച് വര്‍ഷത്തേക്ക് ആകുമ്പോള്‍ ഇത് 1750 കോടിയാണ് ആകുന്നത്. കഴിഞ്ഞ രണ്ട് സീസണിലെയും സ്പോണ്‍സര്‍ഷിപ്പിനായി ടാറ്റ സണ്‍സ് ഗ്രൂപ്പ് (Tata Sons Private Ltd) 670 കോടിയാണ് മുടക്കിയത്.
അതേസമയം, വരുന്ന വര്‍ഷങ്ങളില്‍ ഐപിഎല്ലില്‍ മത്സരങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ബിസിസിഐ ആലോചിക്കുന്നു എന്നും സൂചനയുണ്ട്. കഴിഞ്ഞ സീസണില്‍ 74 മത്സരങ്ങളായിരുന്നു ഐപിഎല്ലില്‍ ഉണ്ടായിരുന്നത്. ഇത് 2025, 2026 വര്‍ഷങ്ങളില്‍ 84 ആയും 2027ല്‍ 94 ആയും കൂട്ടാനാണ് ബിസിസിഐ പദ്ധതിയിടുന്നതെന്നാണ് സൂചന.