മെൽബൺ: ഓസ്ട്രേലിയയുടെ ആഭ്യന്തര ടി20 ലീഗായ ബിഗ് ബാഷിൽ മങ്കാദിങ് വഴി നോൺ സ്ട്രൈക്കിങ് ബാറ്ററെ പുറത്താക്കാൻ ശ്രമിച്ച ആദം സാംപയാണ് ക്രിക്കറ്റ് ലോകത്ത് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. മെല്‍ബണ്‍ റെനഗെഡ്‌സും മെല്‍ബണ്‍ സ്റ്റാര്‍സും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം. റെനഗെയ്‌ഡിന്‍റെ ടോം റോജേഴ്‌സിനെയാണ് നോൺ സ്ട്രൈക്കിങ് എന്‍ഡില്‍ സാംപ റണ്ണൗട്ടാക്കാന്‍ ശ്രമിച്ചത്.
മെല്‍ബണ്‍ സ്റ്റാര്‍സിന്‍റെ നായകന്‍ കൂടിയായ പന്ത് റിലീസ് ചെയ്യും മുൻപ് നോൺ സ്ട്രൈക്കറായിരുന്ന റോജേഴ്‌സ് ക്രീസ് വിട്ടിരുന്നു. സാംപ ബെയ്ല്‍സ് തട്ടി വീഴ്‌ത്തുമ്പോള്‍ ക്രീസില്‍ നിന്നും രണ്ട് മീറ്ററോളം പുറത്തായിരുന്നു റോജേഴ്‌സ്. എന്നാല്‍ അമ്പയര്‍ ഔട്ട് നല്‍കാതിരുന്നത് താരത്തെ ഞെട്ടിച്ചു.
ഈ സമയം സാംപയ്‌ക്കെതിരെ സ്റ്റേഡിയത്തില്‍ നിന്നും കൂവലുകള്‍ ഉയര്‍ന്നെങ്കിലും താരം വിക്കറ്റിനായി നില കൊണ്ടു. റോജേഴ്‌സ് ക്രീസ് വിടുമ്പോള്‍ സാംപയുടെ ബോളിങ് ആക്‌ഷൻ പൂർത്തിയായിരുന്നുവെന്നാണ് അമ്പയറുടെ ആദ്യ പ്രതികരണമുണ്ടായത്. തുടര്‍ന്ന് ടിവി അമ്പയറും സമാന തീരുമാനമെടുത്തതോടെ റെനഗെഡ്‌സ് താരം രക്ഷപ്പെട്ടു.