മുംബൈ:പുതിയ നായകന്‍ ഷാന്‍ മസൂദിന്‍റെ (Shan Masood) നേതൃത്വത്തില്‍ ടെസ്റ്റ് പരമ്പരയ്‌ക്ക് ഇറങ്ങിയ പാകിസ്ഥാനെ വൈറ്റ്‌വാഷ് ചെയ്‌താണ് ഓസ്‌ട്രേലിയ തിരിച്ചയച്ചത് (Australia vs Pakistan). മൂന്ന് മത്സര പരമ്പരയിലായിരുന്നു പാകിസ്ഥാന്‍ ഏകപക്ഷീയമായ തോല്‍വി വഴങ്ങിയത്. പെര്‍ത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ 360 റണ്‍സിനായിരുന്നു സന്ദര്‍ശകര്‍ തോറ്റത്.
മെല്‍ബണില്‍ അരങ്ങേറിയ രണ്ടാം ടെസ്റ്റില്‍ തോല്‍വി ഭാരം 79 റണ്‍സിലേക്ക് കുറയ്‌ക്കാന്‍ ഷാന്‍ മസൂദിനും സംഘത്തിനും കഴിഞ്ഞിരുന്നു. ഒടുവില്‍ സിഡ്‌നിയില്‍ നടന്ന അവസാന ടെസ്റ്റില്‍ എട്ട് വിക്കറ്റുകള്‍ക്കും കീഴടങ്ങിയതോടെ പരമ്പരയില്‍ പാകിസ്ഥാന്‍ സമ്പൂര്‍ണ പരാജയമായി. മൂന്നാം ടെസ്റ്റിന്‍റെ കമന്‍ററിക്കിടെ ഓസ്‌ട്രേലിയയില്‍ കളിക്കാനെത്തിയതില്‍ ഏറ്റവും മോശം ഏഷ്യന്‍ ടീമാണ് പാകിസ്ഥാനെന്ന് ഓസീസിന്‍റെ മുന്‍ താരം കൂടിയായ ആദം ഗില്‍ക്രിസ്റ്റ് (Adam Gilchrist) പറഞ്ഞതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
കഴിഞ്ഞ രണ്ട് തവണയും പര്യടനത്തിന് എത്തിയപ്പോള്‍ പരമ്പര നേടിയാണ് ഇന്ത്യ മടങ്ങിയത്. എന്നാല്‍ കഴിഞ്ഞ 35 വര്‍ഷത്തില്‍ പാകിസ്ഥാന്‍ എന്താണ് നേടിയതെന്നും ആദം ഗില്‍ക്രിസ്റ്റ് ചോദിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ട്. ഇപ്പോഴിതാ ഇത്തരത്തില്‍ ഒരു പ്രസ്‌താവന താന്‍ നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഓസീസിന്‍റെ ഇതിഹാസ വിക്കറ്റ് കീപ്പര്‍. (Adam Gilchrist Denies Controversial Quotes About Pakistan Cricket Team).
ഇതു സംബന്ധിച്ച് തന്‍റെ എക്‌സ് അക്കൗണ്ടില്‍ ഗില്‍ക്രിസ്റ്റ് പോസ്റ്റിട്ടിട്ടുണ്ട്. ഇത്തരമൊരു കാര്യം താന്‍ പറഞ്ഞിട്ടില്ലെന്നാണ് ഗില്‍ക്രിസ്റ്റ് പറഞ്ഞിരിക്കുന്നത്. "പാകിസ്ഥാന്‍ ടീമിനെ ഞാനൊരിക്കും ഇത്തരത്തില്‍ വിശേഷിപ്പിച്ചിട്ടില്ല. തീര്‍ത്തും വ്യാജമായ പ്രസ്‌താവനയാണിത്. പാകിസ്ഥാന്‍ മികച്ച രീതിയിലാണ് കളിച്ചത്. ലോക ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയ്‌ക്ക് എതിരെ ഒന്നോ രണ്ടോ ടെസ്റ്റില്‍ മികച്ച പോരാട്ടം തന്നെയാണ് അവര്‍ നടത്തിയത്"- ആദം ഗില്‍ക്രിസ്റ്റ് തന്‍റെ എക്‌സ് പോസ്റ്റില്‍ വ്യക്തമാക്കി.