ഹൈദരാബാദ്: ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സിൽ എമേർജിങ് ടീംസ് ഏഷ്യ കപ്പ് ഇത്തവണ പാകിസ്ഥാനാണ് സ്വന്തമാക്കിയത്. കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ഇന്ത്യ എയെ 128 റണ്‍സിന് തോല്‍പ്പിച്ചായിരുന്നു പാകിസ്ഥാൻ എ കിരീടം നിലനിർത്തിയത്. യുവ പ്രതിഭകളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനും ഭാവിയ്‌ക്ക് പരിപോഷിക്കുന്നതിനും വേണ്ടിയാണ് 2013-ൽ ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സിൽ എമേർജിങ് ടീംസ് ഏഷ്യ കപ്പിന് തുടക്കം കുറിച്ചത്.
പ്രഥമ പതിപ്പില്‍ പാകിസ്ഥാന്‍ അണ്ടര്‍ 23 ടീമിനെ തോല്‍പ്പിച്ച് ഇന്ത്യ അണ്ടര്‍ 23 ടീമായിരുന്നു കിരീടം നേടിയത്. അന്ന് യുവതാരമായിരുന്ന സൂര്യകുമാർ യാദവായിരുന്നു ടൂര്‍ണമെന്‍റില്‍ ഇന്ത്യയെ നയിച്ചിരുന്നത്. കെഎൽ രാഹുൽ, അക്സർ പട്ടേൽ, ജസ്പ്രീത് ബുംറ എന്നിവരും ടീമിന്‍റെ ഭാഗമായിരുന്നു. മറുവശത്ത് അന്താരാഷ്‌ട്ര അരങ്ങേറ്റം നടത്താതിരുന്ന ബാബർ അസം, മുഹമ്മദ് റിസ്‌വാന്‍ തുടങ്ങിയ താരങ്ങളായിരുന്നു പാക് നിരയുടെ ഭാഗമായിരുന്നത്.
10 വര്‍ഷങ്ങള്‍ക്കിപ്പുറം ഇവരെല്ലാം തന്നെ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ തങ്ങളുടേതായ സ്ഥാനം കണ്ടെത്തിക്കഴിഞ്ഞു. എന്നാല്‍ ഈ വര്‍ഷം പാകിസ്ഥാന്‍ യുവതാരങ്ങളെ പരിപോഷിപ്പിക്കുന്നതിന് ഉപരി യുവത്വത്തിന്‍റെയും അനുഭവസമ്പത്തിന്‍റെയും സമ്മിശ്രണത്തിലൂടെ ഒരു വിജയ ഫോര്‍മുല പരീക്ഷിക്കുക മാത്രമാണ് ചെയ്‌തതെന്ന് വിലയിരുത്താം. ഈ വർഷം, ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ എയോട് പാകിസ്ഥാന്‍ എ തോല്‍വി വഴങ്ങിയിരുന്നു.
എന്നാല്‍ ഫൈനലില്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തിയാണ് പാക് ടീം വിജയം നേടിയത്. പക്ഷെ, ഇരു ടീമുകളേയും സൂക്ഷ്മമായി പരിശോധിച്ചാൽ ഇന്ത്യയ്‌ക്കായി യുവ താരങ്ങള്‍ മാത്രമാണ് കളിച്ചതെന്ന് കാണാം. മറുവശത്ത് പാകിസ്ഥാനാവട്ടെ അന്താരാഷ്‌ട്ര തലത്തിലും പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിലും ഏറെ പരിചയസമ്പന്നരായ നിരവധി കളിക്കാരെയാണ് ടീമിലെടുത്തിരിക്കുന്നത്.