കൊളംബോ: ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (എസിസി) എമേര്‍ജിങ് ടീംസ് ഏഷ്യ കപ്പില്‍ പാകിസ്ഥാന്‍ എയ്‌ക്ക് എതിരെ ഇന്ത്യ എയ്‌ക്ക് 206 റണ്‍സിന്‍റെ വിജയ ലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ പാകിസ്ഥാന്‍ എ ടീം 48 ഓവറില്‍ 205 റണ്‍സിന് ഓള്‍ ഓട്ട് ആവുകയായിരുന്നു. വാലറ്റക്കാര്‍ നേടത്തിയ പോരാട്ടമാണ് പാകിസ്ഥാനെ ഇരുന്നൂറ് കടത്തിയത്.
ഇന്ത്യയ്‌ക്കായി രാജ്‌വര്‍ധന്‍ ഹംഗർഗേക്കര്‍ (Rajvardhan Hangargekar) അഞ്ച് വിക്കറ്റും മാനവ് സുതര്‍ മൂന്ന് വിക്കറ്റും വീഴ്‌ത്തി. 36 പന്തുകളില്‍ 48 റണ്‍സ് നേടിയ ഖാസിം അക്രമാണ് പാകിസ്ഥാന്‍റെ ടോപ് സ്‌കോറര്‍.
പാകിസ്ഥാന് ലഭിച്ചത് മോശം തുടക്കമായിരുന്നു. നാലാം ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ ഒമ്പത് റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയിലായിരുന്നു പാകിസ്ഥാന്‍. സയീം അയൂബ് (11 പന്തുകളില്‍ 0), ഒമെർ യൂസഫ് (4 പന്തുകളില്‍ 0) എന്നിവരെ പുറത്താക്കി രാജ്‍വർധന്‍ ഹംഗർഗേക്കറാണ് അയല്‍ക്കാര്‍ക്ക് ഇരട്ട പ്രഹരം നല്‍കിയത്. തുടര്‍ന്ന് ഒന്നിച്ച സഹീബ്‍സാദ ഫർഹാനും ഹസീബുള്ള ഖാനും കൂട്ടത്തകര്‍ച്ച ഒഴിവാക്കാന്‍ ശ്രമം നടത്തി.
36 പന്തില്‍ 35 റണ്‍സെടുത്ത സഹീബ്‍സദാ ഫർഹാനെ മടക്കിയ റിയാന്‍ പരാഗാണ് ഇന്ത്യയ്‌ക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. തുടര്‍ന്നെത്തിയ കമ്രാന്‍ ഖുലാന് (31 പന്തില്‍ 15) പിടിച്ച് നില്‍ക്കാനായില്ല. വൈകാതെ ഹസീബുള്ള ഖാനും ( 55 പന്തില്‍ 27 ), ക്യാപ്റ്റന്‍ മുഹമ്മദ് ഹാരിസും (13 പന്തില്‍ 15) മടങ്ങിയതോടെ പാകിസ്ഥാന്‍ 26.5 ഓവറില്‍ 95 റണ്‍സിന് ആറ് വിക്കറ്റ് എന്ന നിലയിലേക്ക് തകര്‍ന്നു.