മുംബൈ: വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടെസ്റ്റ്, ഏകദിന ടീമുകളെ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് സജീവമായി നടക്കുന്നത്. തുടര്‍ച്ചയായ രണ്ടാം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും തോല്‍വി വഴങ്ങിയതിന് പിന്നാലെ ടീമില്‍ വമ്പന്‍ അഴിച്ചുപണികള്‍ നടക്കുന്നുവെന്ന സൂചനയുമായാണ് ടീം തെരഞ്ഞെടുപ്പുണ്ടായത്.
പുതിയ ടീം പ്രഖ്യാപനത്തെ അനുകൂലിച്ച് ചിലര്‍ രംഗത്ത് എത്തിയപ്പോള്‍ ഐപിഎല്ലിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലുള്ള തെരഞ്ഞെടുപ്പിനെ പലരും ചോദ്യം ചെയ്‌തുവെന്നത് ശ്രദ്ധേയമായ കാര്യമാണ്. ഇന്ത്യയുടെ ടെസ്റ്റ് ടീമിൽ ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി മികച്ച പ്രകടനം നടത്തുന്ന സർഫറാസ് ഖാൻ, അഭിമന്യു ഈശ്വരൻ തുടങ്ങിയ താരങ്ങളുടെ അഭാവമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനങ്ങള്‍ പരിഗണിക്കാതെ ഐപിഎല്ലിന് മാത്രം ഊന്നല്‍ നല്‍കിയ സെലക്‌ടര്‍മാരുടെ നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യൻ മുൻ ബാറ്റർ അഭിനവ് മുകുന്ദ്.
" ഈ തെരഞ്ഞെടുപ്പ് രീതി മനസിലാക്കാൻ തനിക്ക് കഴിയുന്നില്ലെന്നാണ് താരം ട്വിറ്ററില്‍ കുറിച്ചത്. ഒരു ട്വീറ്റില്‍ ഒതുക്കാന്‍ കഴിയുന്നതിനേക്കാള്‍ ചിന്തകളാണ് എന്‍റെ തലയിലുള്ളത്. എന്നാൽ ഒരു യുവതാരത്തിന് ഇനി തന്‍റെ സംസ്ഥാനത്തിന് വേണ്ടി കളിക്കുന്നതിൽ അഭിമാനിക്കാൻ എന്താണ് പ്രചോദനമാവുക. തീർച്ചയായും, ഗ്രേഡ് ഉയർത്താൻ ഫ്രാഞ്ചൈസി റൂട്ടാണ് എളുപ്പ മാർഗം" - അഭിനവ് മുകുന്ദ് ട്വീറ്റ് ചെയ്തു. ഇന്ത്യയ്ക്കായി ഏഴ് ടെസ്റ്റുകള്‍ കളിച്ച താരമാണ് അഭിനവ് മുകുന്ദ്.
യശസ്വി ജയ്‌സ്വാൾ, റിതുരാജ് ഗെയ്‌ക്‌വാദ് എന്നിവര്‍ക്കാണ് ഐപിഎല്ലിലെ മികച്ച സീസണിന് ശേഷം വെസ്റ്റ് ഇൻഡീസ് പര്യടനത്തിലൂടെ ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് വിളിയെത്തിയത്. ഐപിഎല്ലിന്‍റെ 16-ാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനായി യശസ്വി ജയ്‌സ്വാളും ചെന്നൈ സൂപ്പര്‍ കിങ്‌സിനായി റിതുരാജ് ഗെയ്‌ക്‌വാദും മികച്ച പ്രകടനം നടത്തിയെന്നത് നിഷേധിക്കാനാവില്ല. എന്നാല്‍ വൈറ്റ് ബോള്‍ ക്രിക്കറ്റിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ റെഡ് ബോള്‍ ടീമിലേക്കുള്ള തെരഞ്ഞെടുപ്പിന്‍റെ യുക്തി പലരും ചോദ്യം ചെയ്യുന്നുണ്ട്.