ന്യൂഡല്‍ഹി :ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടീമില്‍ അഭിമന്യു ഈശ്വരനെ ഉള്‍പ്പെടുത്തിയേക്കുമെന്ന് സൂചന. രണ്ടാം ഏകദിനത്തില്‍ പരിക്കേറ്റ് ടീമില്‍ നിന്നും പുറത്തായ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ രോഹിത് ശര്‍മയ്‌ക്ക് പകരക്കാരനായാകും അഭിമന്യു ഈശ്വരന്‍ ടീമിലേക്കെത്തുക. ഡിസംബര്‍ 14നാണ് രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്.
IND vs BAN| രോഹിത്തിന് ടെസ്റ്റ് പരമ്പര നഷ്‌ടമായേക്കും, പകരക്കാരനായി അഭിമന്യു ഈശ്വരന്‍ എത്തുമെന്ന് സൂചന - രോഹിത് ശര്‍മ
നിലവില്‍ ബംഗ്ലാദേശില്‍ പര്യടനം നടത്തുന്ന ഇന്ത്യ എ ടീമിനൊപ്പം ആണ് അഭിമന്യു ഈശ്വരന്‍ ഉള്ളത്

ഇന്ത്യ എ ടീം നായകന്‍ കൂടിയായ അഭിമന്യു ഈശ്വരന്‍ നിലവില്‍ ബംഗ്ലാദേശില്‍ പര്യടനം നടത്തുന്ന എ ടീമിനൊപ്പമാണ് ഉള്ളത്. സില്‍ഹെറ്റില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ബംഗ്ലാദേശ് എ ടീമിനെതിരായ രണ്ടാം മത്സരത്തിന് ശേഷം താരം ഇന്ത്യന്‍ ടീമിനൊപ്പം ചേരുമെന്ന് ബിസിസിഐയുടെ അടുത്ത വൃത്തങ്ങള്‍ വാര്‍ത്ത ഏജന്‍സിയായ പിടിഐയോട് വ്യക്തമാക്കി. ബംഗ്ലാദേശ് എ ടീമിനെതിരായ ടെസ്റ്റ് മത്സരങ്ങളില്‍ ഇതുവരെ രണ്ട് സെഞ്ച്വറിയും താരം സ്‌കോര്‍ ചെയ്‌തിട്ടുണ്ട്.
അഭിമന്യു ഈശ്വരന്‍ ടീമിലിടം നേടിയാലും ധാക്കയിലും മിര്‍പൂരിലും നടക്കുന്ന ടെസ്റ്റ് മത്സരങ്ങളില്‍ കെ എല്‍ രാഹുലിനൊപ്പം ശുഭ്‌മാന്‍ ഗില്‍ ഇന്ത്യയുടെ ഓപ്പണിങ്ങിലേക്കെത്താനാണ് സാധ്യത. അതേസമയം പരിക്കേറ്റ മുഹമ്മദ് ഷമിക്ക് പകരക്കാരനായി എ സീരീസില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്‌ചവയ്‌ക്കുന്ന മുകേഷ് കുമാറോ, ഉമ്രാന്‍ മാലിക്കോ ഇന്ത്യയുടെ ടെസ്റ്റ് സ്‌ക്വാഡിലേക്കെത്തിയേക്കും.